cinema

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്‌പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരി മുതലുള്ള സിനിമകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ച് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തു നൽകി.കഴിഞ്ഞ വർഷം നിർമ്മിച്ച സിനിമകൾക്ക് എത്ര പണം ചെലവിട്ടു,​ പണത്തിന്റെ യഥാർത്ഥ ഉറവിടം എന്ത് തുടങ്ങിയതടക്കമുള്ള എല്ലാ വിവരങ്ങളും ഹാജരാക്കണമെന്നാണ് കത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

മയക്കുമരുന്ന് ഇടപാടിന് കേരളത്തിലെ സിനിമാപ്രവർത്തകരുമായി ബന്ധമുണ്ടോ സംസ്ഥാന നാർക്കോട്ടിക് സെല്ലിനോട് ഡി.ജി.പിയും നിർദ്ദേശിച്ചിട്ടുണ്ട്. ബംഗളൂരുവിലെ സംഘങ്ങൾക്ക് കേരളത്തിലെ സിനിമാ, സീരിയൽ മേഖലയുമായുള്ള ബന്ധങ്ങൾ, വിതരണ ശൃംഖല എന്നിവ കണ്ടെത്താനാണ് ശ്രമം. കേസിലെ മുഖ്യപ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സിനിമാരംഗത്ത് വിപുലമായ ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടേയും (എൻ.സി.ബി) ബംഗളൂരു പൊലീസിന്റെയും പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ കേരള ബന്ധം പരിശോധിക്കും. ന്യൂജനറേഷൻ സിനിമകൾക്ക് പണം മുടക്കിയ മാഫിയാ ബന്ധമുള്ളവരെ കണ്ടെത്താനും അന്വേഷണം തുടങ്ങി.