ന്യൂഡൽഹി: കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് ആശ്രയമായിരുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസുകൾ, എറണാകുളം-തിരുവനന്തപുരം വേണാട് സ്പെഷ്യൽ എന്നീ ട്രെയിനുകളാണ് ശനിയാഴ്ച മുതൽ റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതാണ് ഇതിനുളള കാരണം. കൊവിഡിന് മുമ്പ് ഏറെ ജനപ്രിയമായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി അതല്ല . ആകെ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനത്തിൽ താഴെ ആളുകളേ ഇപ്പോൾ ഈ ട്രെയിനുകളിൽ യാത്രചെയ്യുന്നുളളൂ. 25ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത ട്രെയിനുകൾ റദ്ദാക്കാനാണ് റെയിൽവേയുടെ തീരുമാനം.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ആകെ ശേഷിയുടെ 24.25 ശതമാനവും തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ 20.86 ശതമാനവും വേണാടിൽ 13.29ശതമാനം യാത്രക്കാരുമേ ഉളളൂ. കൊവിഡ് കാരണം ഈ ട്രെയിനുകൾക്ക് പരിമിതമായ സ്റ്റോപ്പുകൾ മാത്രമേ ഇപ്പോഴുളളത്. മതിയായ യാത്രക്കാരില്ലാത്തതിനാൽ രാജ്യത്താകെ ഏഴ് പ്രത്യേക ട്രെയിനുകൾ പിൻവലിക്കാനാണ് റെയിൽവേയുടെ തീരുമാനം.
അതേസമയം, ട്രെയിനുകൾ റദ്ദാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന സൂചനയും റെയിൽവേ അധികൃതർ നൽകുന്നുണ്ട്. അധികം വൈകാതെതന്നെ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും.