gold-smuggling-case

കൊച്ചി: സ്വർണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള സിനിമയിലേക്കും നീളുന്നു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം, സ്വർണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായായിട്ടാണ് നടപടിയെന്നാണ് സൂചന.

സിനിമകളുടെ വിശദാംശങ്ങൾ അടിയന്തരമായി നൽ‍കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യൽ ബ്രാഞ്ച് കത്ത് അയച്ചു. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കൾ, ഇവർക്ക് നൽകിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് തേടിയിരിക്കുന്നത്. സിനിമ നിർമ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമാ വ്യവസായത്തിലേക്കും നീളുന്നത്.

മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനെ 22 തവണ ഫോണിൽ വിളിച്ചുവെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂൺ ജൂലായ് മാസങ്ങളിലായി 22 തവണയാണ് ഖാലിദ് റഹ്‌മാൻ അനൂപ് മുഹമ്മദിനെ ഫോണിൽ വിളിച്ചത്.