bevco-outlet

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനിൽക്കെ ഓണത്തിന് സംസ്ഥാനത്ത് കുടിച്ചു തീർത്തത് 520 കോടിയുടെ മദ്യം. ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വിൽപ്പന കണക്കാണിത്. കഴിഞ്ഞ വർഷത്തെ 487 കോടിയെക്കാൾ 33 കോടിയുടെ വർദ്ധന. എന്നാൽ ബവ് കോ ഔട്ട് ലെറ്റുകൾ ഭൂരിഭാഗവും നഷ്ടത്തിലേക്കെന്നാണ് റിപ്പോർട്ടുകൾ.

309.5 കോടിയാണ് കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഇത്തവണ കുറവുണ്ടായത്. ദിനംപ്രതി പത്തു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഔട്ലെറ്റുകൾ നഷ്ടമെന്നാണ് ബവ്കോയുടെ പഠന റിപ്പോർട്ട്. ബവ് ക്യൂ ആപ്പും, ബാറുകളിലെ പാഴ്സൽ വിൽപനയുമാണ് ബവ് കോ നഷ്ടത്തിലാകാനുള്ള കാരണമായി പറയുന്നത്.

ഇപ്രാവശ്യത്തെ ഓണത്തിലെ എട്ടു ദിവസത്തെ ആകെ വിൽപന 179 കോടിയായി കുറഞ്ഞു. കഴിഞ്ഞ തവണയിത് 488.5 കോടിയായിരുന്നു. അതായത് മുൻ വർഷത്തേക്കാൾ 309.5 കോടിയുടെ കുറവ്. വിൽപനയിൽ ഇത്തവണയും ഒന്നാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലും രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസിലെ ഔട്ലെറ്റിലും വിൽപന പകുതിയായി കുറഞ്ഞു.

ദിനംപ്രതി പത്തു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഔട്ലെറ്റുകളിൽ കട വാടക, ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ളവ കൊണ്ടുപോകാൻ പറ്റില്ലെന്നാണ് ബവ് കോ റിപ്പോർട്ട്. ഔട്ട് ലെറ്റുകളിലേക്ക് മാത്രമായി മദ്യ വിൽപന മാറിയില്ലെങ്കിൽ 270 ഔട്ലെറ്റുകളിൽ ഭൂരിഭാഗവും പൂട്ടേണ്ടിവരും.

2016ൽ 410 കോടിയുടേതായിരുന്നു മദ്യ വിൽപ്പന. 2017ൽ 440 കോടിയും 2018 ൽ 516 കോടിയും. ഇതിന് മുമ്പ് കൂടുതൽ കച്ചവടം നടന്ന 2018ൽ പ്രളയത്തിനുശേഷമുളള ഓണം.