മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെയും പൊലീസിനെയും നിശിതമായി വിമർശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബയിലെ കെട്ടിടം അധികൃതർ പൊളിച്ചു. അനധികൃത നിർമ്മാണമെന്നാരോപിച്ച് മുംബയ് കോർപ്പറേഷനാണ് കെട്ടിടം പൊളിച്ചത്. കെട്ടിടം അനധികൃതമാണെന്നും 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്നും കാണിച്ച് മുംബയ് കോർപറേഷൻ നടിക്ക് ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
ബാന്ദ്രയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്നാണ് കോർപറേഷൻ വാദം. എന്നാൽ മണികർണിക ഫിലിംസ് ഓഫീസിൽ റെയ്ഡ് നടത്തിയത് ഉൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാരിന്റെ പ്രതികാരമാണെന്നാണ് കങ്കണയുടെ ആരോപണം.
കങ്കണയ്ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് മഹാരാഷ്ട്ര സർക്കാർ.ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കങ്കണയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാൻ പറഞ്ഞിരുന്നു എന്ന നടിയുടെ മുൻ കാമുകൻ അധ്യായൻ സുമന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം.
കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി ശിവസേന എം.എൽ.എമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ അധ്യായൻ സുമൻെറ അഭിമുഖത്തിന്റെ പകർപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു.അതേസമയം 'മുംബയ് പൊലീസുമായി സഹകരിക്കുമെന്നും പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ എന്നന്നേക്കുമായി മുംബയ് വിടുമെന്നും' കങ്കണ പ്രതികരിച്ചു.
സുശാന്തിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഇടഞ്ഞത്. മുംബയിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കാശ്മീർ പോലെയാണ് മുംബയെന്നും കങ്കണ പറഞ്ഞിരുന്നു.
ഇതോടെ ശിവസേന അടക്കമുള്ള പാർട്ടികൾ കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നടി മുംബയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ ഭീഷണിപ്പെടുത്തി. എന്നാൽ പത്തിന് മുബയിലെത്തുമെന്ന് കങ്കണ വെല്ലുവിളിച്ചു. കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ, കേന്ദ്രസർക്കാർ നടിക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.