ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 43 ലക്ഷം പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 90000ന് അടുത്തെത്തി. 89,706 ആണ് കൊവിഡ് സ്ഥിരീകരിച്ച എണ്ണം. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവരുടെ എണ്ണം 8,97,394 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1115 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ലോകത്ത് നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് നോക്കിയാൽ അമേരിക്കക്ക് പിന്നിലായി രണ്ടാമത് സ്ഥാനം ഇന്ത്യയ്‌ക്കാണ്. എന്നാൽ ഏറ്രവുമധികം കൊവിഡ് മരണം ഇന്ത്യയിലാണ്. ആകെ മരണം 73,890 ആയി.
മൂന്ന് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും റിപ്പോർട്ട് ചെയ്യുന്നത് എന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ട്. മഹാരാഷ്‌ട്ര,ആന്ധ്രപ്രദേശ്,കർണാടക. ഇവയ്‌ക്ക് പുറമേ തമിഴ്‌നാടും, ഉത്തർപ്രദേശും ചേർന്നാൽ രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 70 ശതമാനം ഈ അഞ്ച് സംസ്ഥാനങ്ങളിലുമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഓഗസ്‌റ്റ് അവസാനവാരം രാജ്യത്ത് പ്രതിദിനം 4024 ആക്‌റ്റീവ് കേസുകളായിരുന്നെങ്കിൽ ഒരാഴ്‌ച പിന്നിടുമ്പോൾ അത് 14,273 കേസുകളായി വർദ്ധിച്ചു. എന്നാൽ രാജ്യത്ത് കൊവിഡ് നിരക്ക് കുത്തനെ ഉയരുമ്പോഴും കൂടുതൽ മേഖലയിൽ ഇളവുകൾ നൽകുന്നത് രാജ്യത്തെ സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
അതേ സമയം ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളളത് അമേരിക്കയിൽ തന്നെയാണ്. ഇവിടെ കൊവിഡ് രോഗം സ്ഥിരീകിരിച്ചവരുടെ എണ്ണം 65 ലക്ഷം കടന്നു. ഇവിടെ ആകെ മരണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. 1,94,037 ആണ് കൊവിഡ് മരണ നിരക്ക്. ഇന്ത്യയ്ക്ക് പിന്നിൽ ബ്രസീലിൽ 41 ലക്ഷം കൊവിഡ് രോഗികളാണുളളത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് മരണം ബ്രസീലിലാണ്. 1,27,517.