ഹൈദരാബാദ്: കാമുകന്റെ മാനസിക പീഡനത്തിൽ മനംനൊന്ത് സീരിയൽ നടി ആത്മഹത്യ ചെയ്തു.തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയാണ് ജവനൊടുക്കിയത്. താരത്തെ ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാമുകന്റെ പീഡനത്തിൽ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു. ഇയാൾ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. എസ്.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.
താരം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനപ്രിയ സീരിയിലുകളായ മൗനരാഗം, മനസു മമത തുടങ്ങിയവയിലൂടെയാണ് ശ്രവണി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. കഴിഞ്ഞ എട്ട് വർഷമായി തെലുങ്ക് ടിവി സീരിയലുകളിൽ സജീവമാണ്.
നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിൻ ഒരു വൈകാരികമായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് വിടവാങ്ങാനുള്ള വഴിയല്ല. ഇത് എഴുതുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു.ഞാൻ ഇത് ഇങ്ങനെയൊരു പോസ്റ്റിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമാധാന സ്‌നേഹത്തിൽ വിശ്രമിക്കുക.നീ വന്ന് എന്നെയൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നും മിസ് ചെയ്യും.'-നടി കുറിച്ചു.