ന്യൂഡൽഹി: ബംഗളുരുവിൽ നിന്ന് ഡൽഹിയിലേക്ക് തന്റെ വളർത്ത് പൂച്ചകൾക്കൊപ്പം എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ടതാണ് ആസ്‌ത ഷാ. പ്രത്യേക കൂടുകളിലായിരുന്നു പൂച്ചകൾ. എന്നാൽ എയർപോർട്ടിൽ വന്നിറങ്ങിയ ആസ്‌തയോട് അധികൃതർ വിമാനത്തിലെ കാർഗോ കൂട്ടത്തിൽ നിന്ന് കുഞ്ഞിപ്പൂച്ച നാല രക്ഷപ്പെട്ടതായി അറിയിച്ചു. വലിയ ആധിയിലായ ആസ്‌ത വിവരം ഡൽഹിയിലെ മൃഗസ്‌നേഹി സംഘടനയായ വൈൽഡ് ലൈഫ് എസ്.ഒ.എസിനെ അറിയിച്ചു, ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള അധികൃതരുടെ സഹായത്തോടെ സംഘടന വളണ്ടിയർമാർ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിൽ പൂച്ചയെ കണ്ടെത്തി.
ഈ മാസം ഒന്നാം തീയതിയാണ് സംഭവം. എട്ട് മാസം പ്രായമുളള നാല പൂച്ചക്കുഞ്ഞിനെ യാത്രക്കിടെ കാണാതായതോടെ ആസ്‌ത ഷാ തന്റെ അഹമ്മദാബാദിലേക്കുളള യാത്ര റദ്ദാക്കി. പൂച്ചയെ കാണാതായതറിഞ്ഞ് എയർപോർട്ട് അധികൃതർ ഉടനെ അന്വേഷണം തുടങ്ങി. ഒപ്പം വൈൽഡ്ലൈഫ് എസ്.ഒ.എസ് അധികൃതരും. വിവിധയിടങ്ങളിൽ ആഹാര സാധനങ്ങൾ ഇട്ട് പൂച്ചയെ ആകർഷിക്കാൻ ശ്രമിച്ചു. നാല് ദിവസത്തിനൊടുവിൽ എയർപോർട്ടിലെ കാർഗോ ഹോൾഡ് ഏരിയയിൽ പൂച്ചക്കുഞ്ഞിനെ കണ്ടുകിട്ടി. കാണുമ്പോൾ വിശപ്പുകൊണ്ടും അപരിചിതത്വം കൊണ്ടും പ്രയാസപ്പെടുകയായിരുന്നു നാല.
ജനങ്ങളിൽ കരുണ എന്ന വികാരം ഇല്ലാതായിട്ടില്ലെന്ന് തെളിഞ്ഞതായി പൂച്ചയെ കിട്ടിയ ആശ്വാസത്തിൽ ആസ്‌താ ഷാ പറഞ്ഞു. പൂച്ചയെ തിരിച്ച് കിട്ടിയതിൽ എയർ ഇന്ത്യ അധികൃതരും സന്തുഷ്‌ടി അറിയിച്ചിട്ടുണ്ട്.