ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. മറ്റു രാജ്യങ്ങളിൽ നിന്ന് കൊവിഡ് പരിശോധന നടത്താതെ വരുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധനയ്‌ക്ക് സൗകര്യമൊരുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിന് പിന്നാലെ ഡൽഹിയിലടക്കം വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ആർ.ടി–പി.സി.ആർ പരിശോധനയ്ക്കും ലോഞ്ച് സൗകര്യം പ്രയോജനപ്പെടുത്താനുമുള്ള പണം അടച്ചാൽ ഏഴ് മണിക്കൂറിനുള്ളിൽ ഫലമറിയാം. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചാൽ യാത്ര തുടരാനാകില്ല. പകരം, സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറണം. നെഗറ്റീവാണെങ്കിൽ യാത്ര തുടരാം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവായി കിട്ടുകയും ചെയ്യും.
വന്ദേഭാരത് മിഷന്റെ ഭാഗമായി യാത്ര ചെയ്യുന്നവരെല്ലാം ആർ.ടി –പി.സി.ആർ പരിശോധന നടത്തണമെന്നായിരുന്നു നേരത്തെ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവായി കിട്ടണമെന്നുള്ളവർ മാത്രമാണ് കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തി. യാത്രയ്ക്ക് മുമ്പുള്ള 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് കരുതേണ്ടത്. ഇവർക്ക് വിമാനത്താവളത്തിൽ നിന്നു നേരെ ഹോം ക്വാറന്റീനിലേക്ക് പോകാം. അല്ലെങ്കിൽ ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റീനും ഏഴ് ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമെന്നാണ് കേന്ദ്ര മാർഗരേഖ.