കിഴക്കമ്പലം: ചേട്ടൻ എ എസ് ഐ,അനിയൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ. പിതാവിന്റെ സഹോദരന്റെ മകനും പൊലീസുകാരൻ. തടിയിട്ടപറമ്പ് സ്റ്റേഷനിലാണ് ഈ അപൂവ്വ കുടുംബ സംഗമം ! എ.എസ്.ഐ വി.എസ് അബൂബക്കറും സഹോദരൻ വി.എസ്.ഷിഹാബും ഇബ്രാഹിം കുട്ടി എന്നിവരാണ് തടിയിട്ടപ്പറമ്പ് സ്റ്റേഷനിൽ ഒന്നിച്ച് ജോലി ചെയ്യുന്നത്.
മൂവരും സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായിരുന്നു. അടുത്തിടെയാണ് അബൂബക്കറിന് സ്ഥാനക്കയറ്റം കിട്ടിയത്. ഒരേ സ്റ്റേഷനിൽ ജോലിചെയ്യാൻ സാധിച്ചത് നിമിത്തമായാണ് മൂവരും കാണുന്നത്. ചേലക്കുളം വെള്ളേക്കാട്ട് സുലൈമാന്റെയും ബീവിയുടെയും മക്കളാണ് അബൂബക്കറും ഷിഹാബും. തീർന്നില്ല മൂവരും കലാ-സംസ്കാരിക രംഗത്തും തിളക്കമാർന്ന നേട്ടം കൈവരിച്ചു. അബൂബക്കർ 2019ലെ സംസ്ഥാന പൊലീസ് മീറ്റിലെ ചെസ് ചാമ്പ്യനാണ്. അനുജൻ ഷിഹാബ് പ്രൊഫഷണൽ പാട്ടുകാരനും, മറ്റൊരനുജൻ ഇബ്രാഹിം പൊലീസ് നാടക വിഭാഗത്തിലെ അഭിനേതാവുമാണ്.