കണ്ണൂർ: പാനൂരിൽ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് പരാതി. പ്രസവ സമയത്ത് ഡോക്ടറുടെ സഹായം കിട്ടാതെ വന്നതു കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. പാനൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വിളിച്ചെങ്കിലും ഡോക്ടർ എത്തിയില്ലെന്നാണ് പരാതി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്.
ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിൽ പ്രസവിച്ച് ആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ കുഞ്ഞ് മരിച്ചു. കൊവിഡ് സമയമായതിനാൽ എത്താനാകില്ലെന്ന് ഡോക്ടർ അറിയിച്ചെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യമന്ത്രി ഡി.എം.ഒയ്ക്ക് നിർദേശം നൽകി.
സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്നാണ് മന്ത്രിയുടെ വിശദീകരണം.