gold-smuggling-case

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അഞ്ച് പേരെ കൂടി പ്രതിച്ചേർത്തു. സ്വർണക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ഇവരെല്ലാം. മുസ്‌തഫ, അബ്‌ദുൾ അസീസ്, നന്ദു കോയമ്പത്തൂർ, രാജു, മുഹമ്മദ് ഷമീർ എന്നിവരെയാണ് പ്രതിചേർത്തത്.

അതേസമയം ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വ്യക്തമാക്കി. സ്വപ്‌ന സുരേഷിന്റെ റിമാൻഡ് കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഈ കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്‌. ഇതിനു പുറമെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇരുപതിലധികം പേരെയും ചോദ്യം ചെയ്യണമെന്ന് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഉന്നതൻ ആരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയിൽ വച്ച് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സ്വർണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത്.