ന്യൂഡൽഹി: ഇന്ത്യയിൽ റാഫേൽ ജെറ്റുകളുടെ പുതിയ നിര വരുന്നതായി വിവരം ലഭിച്ച് അന്നുമുതൽ പാകിസ്ഥാന് ചങ്കിടിപ്പാണ്. ലഡാക്ക് അതിർത്തിയിൽ ചൈനയുടെ പ്രകോപനം വർദ്ധിച്ച സാഹചര്യത്തിൽ ഫലപ്രദമായി അത് പ്രതിരോധിക്കാൻ ഫ്രാൻസിൽ നിന്നും പ്രത്യേകം നിർമ്മിച്ച റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിയതും അങ്കലാപ്പിലായ പാകിസ്ഥാൻ വിവിധ രാജ്യങ്ങളോട് തങ്ങൾക്ക് യുദ്ധ വിമാനങ്ങൾ നിർമ്മിച്ച് നൽകാൻ സമീപിച്ചു. എന്നാൽ ഒരു രാജ്യവും തയ്യാറായില്ല.
നിലവിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ അതിനും മറ്റ് സഹായങ്ങൾക്ക് സമീപിക്കുംപോലെ ചൈനയെ തന്നെ സമീപിക്കുകയാണ്. നിലവിൽ അടിസ്ഥാന വികസനത്തിന് പോലും ചൈനയ്‌ക്ക് മുന്നിൽ കൈനീട്ടുന്ന പാകിസ്ഥാന് ഇത് കൂടുതൽ കടക്കെണിയിലാക്കുമെന്ന് ഉറപ്പാണ്. ചൈനയോട് 30 ജെ-10 സിഇ യുദ്ധവിമാനങ്ങളും വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന പിഎൽ-10, പിഎൽ-15 ഹ്രസ്വദൂര , ദീർഘദൂര മിസൈലുകളും നിർമ്മിച്ച് നൽകാനാണ് പാകിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മോസ്‌കോ സന്ദർശന വേളയിൽ റഷ്യയോട് പാകിസ്ഥാന് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻപ് റഷ്യ പാകിസ്ഥാന് ആറോളം ഹെലികോപ്‌റ്ററുകൾ നൽകിയിരുന്നു. ഇന്ത്യ തടസവാദം ഉന്നയിച്ചതോടെ റഷ്യ അതിൽ നിന്നും പിന്മാറി. പിന്നീട് ജൂലായ് മാസത്തിൽ കലഷ്‌നിക്കോവ് തോക്കുകൾ പാകിസ്ഥാൻ നൽകാൻ ആവശ്യപ്പെട്ടെങ്കിലും റഷ്യ തയ്യാറായില്ല.
പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ മുൻനിരയിലുളള ഫ്രാൻസും ഇന്ത്യയോട് സൗഹൃദ സമീപനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രകടിപ്പിക്കുന്നത്. പാകിസ്ഥാനുമായി എന്നാൽ അത്ര നല്ല ബന്ധത്തിലുമല്ല. ചാർലി ഹെബ്‌ഡോ മാസികയിൽ പ്രവാചകനിന്ദ ഉണ്ടായെന്ന് ആരോപിച്ച് ഫ്രാൻസിനെതിരെ പാകിസ്ഥാനിൽ എതിർ വികാരമുണ്ട്.
അമേരിക്ക പാകിസ്ഥാനുമായി നാളുകളായി നല്ല ബന്ധത്തിലല്ല. ഒരു ഭീകരരാഷ്‌ട്രമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനെ കാണുന്നത്. ചതിയന്മാരായാണ് പാകിസ്ഥാനെ അമേരിക്ക കാണുന്നത്. ഇത്തരത്തിൽ ലോകത്തിലെ വൻ ശക്തികൾക്ക് മുന്നിൽ ഒറ്രപ്പെടുന്ന പാകിസ്ഥാന് അവസാന അഭയമാണ് ചൈന. നിലവാരം കുറഞ്ഞ ചൈനീസ് നിർമ്മിത പ്രതിരോധ ഉപകരണങ്ങൾ പാകിസ്ഥാന് ഗുണം ചെയ്യുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം.