മാഹി: ഒരു ചെറിയ കാർ കഷ്ടിച്ച് പാർക്കുചെയ്യാൻ കഴിയുന്ന തോടിന് കുറകേയുളള കോൺക്രീറ്റ് സ്ളാബിൽ ഇന്നോവ പാർക്കുചെയ്ത് സൂപ്പർഹീറോയായി മാറിയ ബിജുവിന് അഭിനന്ദന പ്രവാഹങ്ങൾ നിലയ്ക്കുന്നില്ല. സംസ്ഥാനത്തിന് പുറത്തേക്കും ഇപ്പോൾ പ്രശസ്തി പരക്കുകയാണ്. ഫോൺവിളികൾക്ക് മറുപടിപറഞ്ഞ് മടുത്തു. പാർക്കിംഗ് മികവ് ലോകത്തെ അറിയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബിജു നൽകുന്നത് ഭാര്യയ്ക്കാണ്. ഇന്നോവ പാർക്കുചെയ്യുന്നതിനിടെ ബിജു അറിയാതെ ഭാര്യ അത് വീഡിയാേയിൽ പകർത്തി. പിന്നീട് വീഡിയോ സഹോദരിക്ക് അയച്ചുകൊടുത്തു.
സഹോദരി കോളേജിലെ കൂട്ടുകാരുമായി പങ്കുവച്ചു. അങ്ങനെ വീഡിയോ വൈറലാവുകയായിരുന്നു.
ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോൾ ബിജു ആൾട്ടോകാർ പതിവായി കോൺക്രീറ്റ് സ്ളാബിൽ പാർക്കുചെയ്യാറുണ്ടായിരുന്നു. ഈ ആത്മവിശ്വാസമാണ് ഇന്നോവ പാർക്കുചെയ്യാൻ സഹായിച്ചതും.
'ഒരു കൂട്ടുകാരന്റേതാണ് ഇന്നോവ. വയനാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും ഈ കാർ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഇന്നോവയുടെ നീളത്തെയും വീതിയെയും കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരുന്നു. ശരിയായ ദിശയിൽ കാർതിരിച്ചു. എല്ലാം കൃത്യമായി' - പാർക്കിംഗിനെക്കുറിച്ച് ബിജു പറയുന്നു.
ചെറുപ്രായത്തിൽ വലിയ വാഹനങ്ങളോട് കൂട്ടുകൂടിയതും പാർക്കിംഗ് മികവിന് കാരണമായതെന്ന് ബിജു പറയുന്നു. 'ഞാൻ ഏഴാംക്ളാസിൽ പഠിക്കുമ്പോൾ വീടിന്റെ താെട്ടടുത്ത് രണ്ട് ബസുകളുണ്ടായിരുന്നു. അവ കഴുകാൻ കൊണ്ടുപോകുമ്പാേൾ ഞാനും കൂടും. ചിലപ്പോൾ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കും. അങ്ങനെ ഞാൻ ആദ്യമായി തൊട്ടത് ബസിന്റെ സ്റ്റിയറിംഗ് വീലിലാണ്. അതിനാൽ വളരെ ചെറുപ്പത്തിലേ വലിയ വണ്ടികളുടെ നീളവും വലിപ്പവുമാെക്കെ പരിചയമായി'- ബിജുവിന്റെ വാക്കുകൾ ഇങ്ങനെ.
ബിജുവിന്റെ വീഡിയോ വൈറലായതാേടെ അത് കൃത്രിമമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇവരുടെ വായടപ്പിക്കാനായി സ്ളാബിനുമുകളിൽ ബിജു ഒന്നുകൂടി ഇന്നോവ പാർക്കുചെയ്ത് കാണിച്ചു. ആ വീഡിയോയും സൂപ്പർഹിറ്റായി. നിരവധിപേരെ സാക്ഷിനിറുത്തിയായിരുന്നു രണ്ടാമത്തെ പാർക്കിംഗ്. ബിജുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോൺക്രീറ്റ് സ്ളാബിൽ കാർ പാർക്കുചെയ്യാൻ ശ്രമിച്ച് സുല്ലിട്ടതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ തകർത്തോടുകയാണ്.