alan-thaha

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കെട്ടിവ‌യ്‌ക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകൾക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകൾ.

വൈകിയാണെങ്കിലും നീതി കിട്ടിയതിൽ സന്തോഷമെന്നും മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും താഹയുടെ മാതാവ് ജമീല മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ ഉപാധികൾ അംഗീകരിക്കുന്നുവെന്നായിരുന്നു താഹയുടെ സഹോദരന്റെ പ്രതികരണം. കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻ.ഐ.എ കോടതി വിധി പറഞ്ഞത്. എൻ.ഐ.എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.

അതേസമയം ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻ.ഐ.എ വാദം. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ കേസിൽ കുറ്റപത്രവും സമർപ്പിച്ചു.