kerala-covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൊവിഡ് പരിശോധന കൂട്ടണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ആണ് സംസ്ഥാനത്ത് മരണ നിരക്ക് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഗസ്റ്റിൽ കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മരണനിരക്ക് സംസ്ഥാനത്തിന്റെ നിലവിലെ മരണ നിരക്കിനേക്കാൾ മുകളിലാണ്. കണ്ണൂരിൽ 0.86, തിരുവനന്തപുരം 0.71 എന്നിങ്ങനെയാണ് കണക്ക്. 0.40 ആണ് സംസ്ഥാനത്തെ ആകെ മരണനിരക്ക്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന ഇടവേള 27.9 ദിവസമായി ഉയർന്നു. ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ഒന്നാമത് നിന്നിരുന്ന മലപ്പുറത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 17.1ൽ നിന്ന് 10.2 ലേക്ക് താഴ്ന്നു. സെപ്‌തംബർ ആദ്യ ആഴ്ചയിൽ മാത്രം 53 മരണങ്ങളും 12,456 പോസിറ്റീവ് കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.