supreme-court

ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. ബിഹാർപോലുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം അതീവഗുരുതരമാണെന്നും ഈ മാസം പതിമൂന്നിന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകണമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇതോടെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള തർക്കങ്ങളെല്ലാം കഴിഞ്ഞുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കൊവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകർ വീണ്ടും കോടതിയിലെത്തിയത്. അതിനുമുമ്പ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റണമെന്ന ഹർജികൾ ഓഗസ്റ്റ് 17ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു.

പരീക്ഷാർഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതർ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയ്‌ക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതിനാൽ സാമൂഹിക അകലം പാലിക്കൽ സാദ്ധ്യമാകില്ലെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ തള്ളിയത്.