poland

റോഡെന്ന് പറയുമ്പോൾ മനസിൽ ഓടിയെത്തുക നമ്മുടെ നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാകും. എന്നാൽ, പോളണ്ടിലെ തിളങ്ങുന്ന റോഡുകളെ പറ്റി കേട്ടിട്ടുണ്ടോ? നികുതി അടച്ചാലും, അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ പലപ്പോഴും നമുക്ക് ലഭിക്കാറില്ല. റോഡിലെ തിരക്കിൽ കുരുങ്ങി എത്രയധികം സമയമാണ് പാഴായി പോകുന്നത്? തിരക്കുള്ള റോഡിലൂടെ സൈക്കിളിൽ സഞ്ചരിക്കാനുള്ള സൗകര്യം പോലും നമുക്ക് അന്യമാണ്.

എന്നാൽ, വ്യത്യസ്തമായി ചിന്തിച്ചവരാണ് പോളണ്ടുകാർ. സൈക്കിൾ സവാരിക്കാർക്ക് അവിടെ പ്രത്യേക പാതയുണ്ടെന്ന് മാത്രമല്ല രാത്രിയിൽ ഈ പാതകൾ തിളങ്ങുകയും ചെയ്യും. പോളണ്ടിലെ ലിഡ്സ്ബാർക്ക് വാർമിൻസ്‌കി പ്രദേശത്താണ് ഗ്ലോ-ഇൻ-ഡാർക്ക് പാത പരീക്ഷിച്ചത്. റോഡിന് 6 അടി വീതിയും 330 അടി നീളവുമുണ്ട്. ചെലവ് ഏകദേശം രണ്ടര കോടി രൂപ. ഫോസ്ഫറസിന്റെ ചെറിയ കണികകൾ ആയ ലുമിനോഫോറുകൾ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്. ലുമിനോഫോറുകൾ പല നിറങ്ങളിലും ലഭിക്കുമെങ്കിലും പ്രകൃതിയുടെ നിറങ്ങളുമായി യോജിച്ച് പോകാനും കണ്ണിന് കുളിർമയേകുന്നതിനുമായി നീല നിറമാണ് തിരഞ്ഞെടുത്തത്. സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നത് മറ്റൊരു സവിശേഷത. രാത്രി 10 മണിക്കൂർ വരെ പ്രകാശിക്കും. ടി.പി.എ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതിന്റെ സാങ്കേതികത വികസിപ്പിച്ചെടുത്തത്.

മുമ്പ് നെതർലൻഡ്സിലും ഇതു പോലെയുള്ള റോഡ് നിർമ്മിച്ചിരുന്നു. വാൻഗോഗിന്റെ 'ദ സ്റ്റാറി നൈറ്റ്' എന്ന കലാസൃഷ്ടിക്ക് ആദരമായിരുന്നു അത്. ആ റോഡിനായി ഉപയോഗിച്ചത് പക്ഷേ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡികൾ ആയിരുന്നു.