തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കാൻ അനുമതി. ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സ്‌കൂളുകൾ പ്രവർത്തിക്കുക. ഒരു വാഹനത്തിൽ രണ്ട് പേർ മാത്രമേ പാടുള്ളൂ. പരിശീലനം നേടുന്ന വ്യക്തിയും പരിശീലകനും മാത്രമാണ് വാഹനത്തിൽ അനുമതി. വാഹനങ്ങളും സ്ഥാപനവും അണുവിമുക്തമാക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഡ്രൈവിംഗ് സ്‌കൂൾ പ്രവർത്തിക്കാൻ അനുമതിയില്ല. ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയിട്ടും ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുമതി നൽകാത്തതിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് അഞ്ചുമാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്.