മല്ലിക സുകുമാരനെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബം. താൻ നല്ലൊരു അമ്മയും അതിലും നല്ല അമ്മയിയമ്മയുമാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മല്ലിക. അതിന് തന്നെ പ്രാപ്തയാക്കിയത് ഭർത്താവ് സുകുമാരൻ നൽകിയ ട്രെയിനിംഗാണെന്ന് കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'ഞാൻ കണ്ടിരിക്കുന്ന ഒരു ഫിലോസഫി എന്ന് പറഞ്ഞാൽ പെൺമക്കൾ അമ്മമാരെ കല്യാണം കഴിഞ്ഞാലും സ്‌നേഹിക്കും, പക്ഷേ ആൺമക്കൾക്ക് എന്താന്നുവച്ചാൽ അവർക്കൊരു കൂട്ടുകാരിയെ കിട്ടി, അവിടെവച്ച് സ്‌നേഹം കുറച്ച് ഡിവൈഡ് ചെയ്തുപോകും, അത് നാച്ചുറലാണ്. അങ്ങനെവരുമ്പോൾ അമ്മായിയമ്മമാർ അവർ അവിടെപ്പോയി, ഇവിടെപ്പോയെന്നൊക്കെ പരാതി പറയും. ഞാൻ നേരെ തിരിച്ചാണ്. എന്നോട് സുകുവേട്ടൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് ആ കാര്യങ്ങളാണ്. 'ഒരു കാര്യ ഞാൻ പറയാം മക്കൾ ഒരു ജീവിതം തുടങ്ങുമ്പോൾ, കല്യാണമായി കുട്ടികളായി ഇനിയിപ്പോൾ അവരുടെ ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയ്ക്ക് വേണ്ടതെല്ലാം അച്ഛൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ പറയാം. അമ്മയ്ക്ക് എന്ത് വേണമെങ്കിലും ചെയ്യാൻ മനസുള്ള രണ്ടുപേരാണ് പൃഥ്വിയും ഇന്ദ്രനും. പിന്നെ മക്കളുടെ അടുത്ത പ്രയോറിറ്റി എന്ന് പറഞ്ഞാൽ അവരുടെ ലൈഫാണ്. ഭാര്യ,കുട്ടികൾ... ഈ പരക്കംപാച്ചിലിനിടെയിൽ ആവശ്യമുള്ളപ്പോൾ വരട്ടെ, കാണട്ടെ, ഒന്നിച്ചിരിക്കട്ടെ... അതിനൊന്നും ഞാൻ നിർബന്ധം പിടിക്കാറേയില്ല. എനിക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നത് എന്റെ സുകുവേട്ടന്റെ ട്രെയിനിംഗ് കൊണ്ടാണ്. ഇപ്പോഴും ഒരു കാര്യം പറഞ്ഞാൽ അവർ ഓടിയെത്തും, എന്ത് സഹായത്തിനും കൂടെയുണ്ടാകും.
ഞാൻ എന്റെ സ്ഥാനത്ത് ഇരുന്നു കഴിഞ്ഞാൽ എനിക്കും സന്തോഷം. അമ്മ ഹാപ്പിയാണെന്നറിയുമ്പോൾ അവർക്കും സന്തോഷം.ഞാനും അവിടെ നല്ല ഒന്നാന്തരമൊരു ഫ്ലാറ്റ് എടുത്തിട്ടിട്ടുണ്ട്. ഞാൻ ചെല്ലുമ്പോൾ അവരെല്ലാവരും അങ്ങോട്ട് വരും, വിശേഷ ദിവസങ്ങളിൽ ഞാൻ അങ്ങോട്ട് പോകും. ഇത്രയൊക്കെ പോരെ? ഏത് നേരവും ഈ മക്കളെയും അടുത്തിരുത്തിക്കൊണ്ട് ശരിയാകുന്ന കാര്യമല്ല. ഇനി അങ്ങോട്ടുള്ള തലമുറയിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി' താരം പറഞ്ഞു.