മണിക്കൂറുകൾക്കകം ഫാഷൻ സങ്കല്‍പങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയതും പഴയതും ചേർന്ന ഫ്യൂഷൻ എന്നുവേണ്ട ഫാഷനിൽ പുത്തൻ വിപ്ലവങ്ങൾ നിരന്തരം സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ് ഡിസൈനർമാർ.
പണ്ടത്തെ ഡിസൈനുകൾ ഇടയ്ക്കിടെ ട്രെൻഡ് ആകാറുണ്ട്. ധാവണിയും ബെൽബോട്ടം പാന്റ്സും പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാറുമുണ്ട്. എന്നാൽ, ആ പഴയ വസ്ത്രധാരണ ശൈലി ഇഷ്ടപ്പെടാത്തവരും ധാരാളമാണ്.
ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു മനുഷ്യനുണ്ട്. രണ്ടു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഫാഷനുകളാണ് ഈ ഇരുപത്തഞ്ചുകാരന് ഇഷ്ടം. എന്ന് മാത്രമല്ല ജീൻസോ ടീഷർട്ടുകളോ ഒന്നും തന്നെ മാറി ധരിക്കാറില്ല.സാക്ക് മാക് ലിയോഡ് പിന്‍സെന്റ് എന്നാണ് ഇയാളുടെ പേര്. യു.കെയിൽ താമസിക്കുന്ന സാക്ക് 1800 കളിലെ ഫാഷനിലുള്ള ഡ്രസാണ് ധരിക്കുന്നത്. 14 വയസുള്ളപ്പോഴാണ് സാക്ക് തന്റെ കയ്യിൽ അവസാനമായി ഉണ്ടായിരുന്ന ജീൻസ് കത്തിച്ചത്. അപ്പൂപ്പന്റെ പഴയ സ്യൂട്ടുകളിൽ ആകൃഷ്ടനായ സാക്ക് പിന്നീടങ്ങോട്ട് വസ്ത്രങ്ങൾ തുന്നിക്കുന്നത് പഴയ ഫാഷനിലാക്കി. ഇതിനോടകം സ്വന്തമായി വസ്ത്രങ്ങൾ തയ്ക്കാനും സാക്ക് പഠിച്ചെടുത്തു. പണ്ടത്തെ ഫാഷനോടുള്ള താല്പര്യം ഇപ്പോൾ ഉപജീവനമാർഗം കൂടിയാക്കിയിരിക്കുകയാണ് സാക്ക്. സ്വന്തം ആവശ്യത്തിന് വസ്ത്രം തയ്ക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് തയ്ച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈസ്റ്റ് സസെക്‌സിലെ ബ്രൈറ്റൺ എന്ന സ്ഥലത്ത് സ്വന്തമായി കടയുമുണ്ട് സാക്കിന്.