josekmani

തിരുവനന്തപുരം: കേരളകോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ തെ‌‌റ്റില്ലെന്ന സി.പി.എം നേതാക്കളുടെ പ്രസ്‌താവനയെ പരിഹസിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. കെ.എം മാണിയുടെ വീട്ടിൽ നോട്ടെ‌ണ്ണുന്ന യന്ത്രമുണ്ടെന്ന് പറഞ്‌ എൽഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട് നിന്ദ്യമാണെന്ന് മണക്കാട് സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

പോസ്‌റ്ര് താഴെ വായിക്കാം.

സീസറുടെ ഭാര്യ സംശയത്തിനതീതയായോ???? ശ്രീ കമാൽ പാഷ (റിട്ടയേഡ് ജസ്റ്റിസ് കേരള ഹൈകോർട്ട് ) ബാർക്കോഴക്കാലത്ത് ഉദ്ധരിച്ച വില്ല്യം ക്ഷേക്പിയറിന്റെ വിശ്വസാഹിത്യ കൃതിയായ ജൂലിയസ് സീസറിലെ "സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന പരാമർശം" ചരിത്രത്തിൽ മാത്രമല്ല പിന്നീട് പുതിയൊരു വഴക്കം തന്നെയായി കേരളീയ പൊതുമണ്ഡലത്തിലും എന്തിനേറെ കോടതി വ്യവഹാര, രാഷ്ട്രീയ സംബന്ധിയായ കാര്യങ്ങളിൽ കൂടി ഇടം പിടിച്ചിരിക്കുകയാണല്ലോ ഇതിനകം. ഇന്നീ ചൊല്ല് അറിയാത്തവർ ആരുമില്ല. അത്രയ്ക്ക് പൊതുസമൂഹം ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. ജസ്റ്റിസ് കമാൽ പാഷ പുറപ്പെടുവിച്ച പല സുപ്രധാന വിധികളെക്കാൽ ശ്രദ്ധേയമാണീ പരാമർശം.ബാർക്കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതിയുടെ നടപടിയെ ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് കമാൽ പാഷ അന്ന് ഈ പരാമർശം നടത്തിയത്. അന്ന് സീസറുടെ ഭാര്യയായി ചിത്രീകരിക്കപ്പെട്ടത് യശ: ശരീരനായ പ്രിയപ്പെട്ട KM മാണിയാണ്.അദ്ദേഹത്തിന് മേലുള്ള സംശയമോ ബാർ കോഴ ആരോപണം ! ഇത് ഉന്നയിച്ചതോ LDF ! ഇന്നത്തെ LDF തന്നെയാണ് അന്നത്തെയും LDF സംശയിക്കേണ്ട! LDF അന്നു പറഞ്ഞത് ബാർക്കോഴപ്പണം എണ്ണാൻ അദ്ദേഹത്തിന്റെ വീട്ടിൽ യന്ത്രം ഉണ്ട് എന്നാണ്. ഒരു ധനമന്ത്രിയും അദ്ദേഹത്തിന്റെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രവും, ഇത്രയധികം ചർച്ച ചെയ്യപ്പെട്ട വേറൊരു വിഷയം കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. നിയസഭയെ P ശ്രീരാമകൃഷ്ണ്ണനും V ശിവൻ കുട്ടിമാരും ചേർന്ന് തച്ചുതകർത്തത് KM മാണിസാറിനെ കാരണമാക്കിയാണല്ലോ? കേരള ചരിത്രത്തിലാദ്യത്തെ രാപ്പകൽ സമരവും ജനങ്ങളുടെ സ്മൃതിപദങ്ങളിൽ നിന്ന് മാഞ്ഞിട്ടില്ലല്ലോ?? കോടതി പരാമർശത്തിന്റെ പേരിൽ രാജിവയ്ക്കപ്പെട്ട മാണിസാർ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന് നേരെ ഉയർന്ന ആരോപണണങ്ങൾക്ക് തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് ഫയൽ ക്ലോസ് ചെയ്തതും ഈ LDF സർക്കാർ ആണ്. ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ. കൊല്ലുന്നതും ഞാനേ വളർത്തുന്നതും ഞാനേ എന്നാണ് LDF പറയാതെ പറയുന്നത്.ഇവിടെ ശ്രദ്ധേയമായ ചോദ്യം ഈ വിഷയത്തിൽ TV ചാനലുകൾ നടത്തിയ അന്തിച്ചർച്ചകളിൽ പങ്കെടുത്തവരൊക്കെ ഇപ്പോ ജീവിച്ചിരിപ്പുണ്ടോയെന്നതാണ് ! ഏറ്റവും പ്രധാനപ്പെട്ട ചോദ്യം LDF പറഞ്ഞ ആ നോട്ടെണ്ണുന്ന യന്ത്രത്തെക്കുറിച്ചാണ്.ആ യന്ത്രം കൂടെ അപ്പുറത്തേക്ക് എടുത്താൽ 4 വർഷം കൊണ്ട് പിണറായിയും കൂട്ടരും അടിച്ച് മാറ്റിയത് സൗകര്യപ്രദമായി എണ്ണിത്തിട്ടപ്പെടുത്താമായിരുന്നു. മെറ്റൽ കറൻസിയൊഴിച്ച്.മെറ്റൽ കറൻസിയുടെ കാര്യം സ്വപ്നയും ശിവശങ്കരനും തിട്ടപ്പെടുത്തുമെന്നതിനാൽ അതോർത്തു ടെൻഷനടിക്കേണ്ടതുമില്ല. രണ്ടില ചിഹ്നം കിട്ടാതെയായിരുന്നു ജോസ് LDF-ൽ പോയിരുന്നുവെങ്കിൽ നിശ്ചയമായും LDF ആ നോട്ടെണ്ണൽ യന്ത്രം തന്നെ ജോസിനും കൂട്ടർക്കും നല്കാൻ ശുപാർശ ചെയ്യുമായിരുന്നു. രണ്ടില സർക്കാരിന് രണ്ടിലയുടെ വരവ് ഭൂഷണമാകും ഒന്നിൽ സർണ്ണവും മറ്റെതിൽ മയക്കുമരുന്നും വയ്ക്കാം. അപ്പപ്പനിലപാട് മാറ്റുക, വെടക്കാക്കി തനിക്കാക്കുക ഇതൊക്കെ കുലത്തൊഴിലാക്കിയ LDF കാരെ CPM കാരെ നിങ്ങളോട് ചോദിക്കാൻ സാധാരണ ജനം ചാനലുകൾക്ക് അയച്ചുകൊടുക്കുന്ന ചോദ്യങ്ങൾ നട്ടെല്ലുള്ള മാധ്യമപ്രർത്തകർ നിങ്ങളോടും കൺവീനർ വിജയരാഘവനോടും ഇതിനകം ചോദിച്ചു കഴിഞ്ഞു.നിങ്ങളുടെ ബപ്പപ്പ മറുപടിക്ക് ജനം നല്കുന്ന ആട്ടും തുപ്പുമേൽക്കാൻ തയ്യാറായിക്കൊള്ളുക. സീസറിന്റെ ഭാര്യയുടെ മേലുള്ള സംശയം നിങ്ങൾക്ക് നീങ്ങിയെങ്കിൽ ജനത്തിന് ഈ ഇരട്ട താപ്പുവേലയിൽ കനത്ത സംശയം വന്നിരിക്കുന്നു. ബാർക്കോഴ മാമാങ്കങ്ങൾക്കായി അന്തിച്ചർച്ചകൾ മാറ്റിവയ്ക്കപ്പെട്ടപ്പോൾ TV കാണുന്നത് നിർത്തിവച്ച ജനം LDF ജോസ് Kമാണി ബാന്ധവം അതീവ ശ്രദ്ധയോടെ മനസ്സിലാക്കുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ നിങ്ങൾ പറഞ്ഞതൊക്കെ വിഴുങ്ങിക്കൊണ്ട് ഇനി എന്ത് പുതിയ കഥ മെനയും? KM മാണിയെയും മകനെയും പാലായിൽ വിശുദ്ധനാക്കാൻ ഇനി നിങ്ങൾ ശ്രമിക്കുന്ന ഓരോ അടവിനും തിരിച്ചടി ഇരന്നു വാങ്ങുന്ന നിങ്ങളുടെ ഗതികേട് ജനങ്ങൾ മനസ്സിൽ കാണുന്നത് ഞങ്ങൾ മരത്തിൽ കാണുന്നു. സീസറുടെ ഭാര്യ പോംപിയ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് സീസർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുകയും അത് സീസറോട് പറയുകയും ചെയ്തപ്പോൾ സീസർ മറുപടി പറഞ്ഞത് പോംപിയ തെറ്റു ചെയ്തിട്ടില്ലെന്നത് വാസ്തമാണ് പക്ഷേ പോംപിയ സംശയത്തിനിട കൊടുത്തു അതാണ് പ്രശ്നം എന്നാണ്. സീസറുടെ ഭാര്യയായ പോംപിയയ്ക്ക് രഹസ്യകാമുകനു ണ്ടെന്ന സംശയം ജനിപ്പിക്കുന്നതിന് പോംപിയ കാരണമായി അതിനാൽ താൻ ഭാര്യയെ ഉപേക്ഷിക്കാൻ നിർബന്ധിതനാകുന്നുവെന്നുമാണ് സീസർ പറഞ്ഞത്. ഇതിന്റെ കാരണമോ "സീസറിന്റെ ഭാര്യ സംശയത്തിനുപോലും അതീതയായിരിക്കണം എന്നതാണ്." മാണിസാർ തെറ്റു ചെയ്തതിന് തെളിവില്ലെന്ന് LDF തന്നെ കോടതിയിൽ പറഞ്ഞു. അപ്പോഴും LDF ഉയർത്തിവിട്ട സംശയം ബാക്കിയല്ലേ? ഇവിടെ തെറ്റുകാരൻ ആരാണ്? സംശയം ഉന്നയിച്ച എൽ ഡി എഫോ അതോ സംശയത്തിടകൊടുത്ത മാണിസാറോ അല്ലെങ്കിൽ മകൻ ജോസ് Kമാണിയോ അതോ കേരള കോൺഗ്രസ്സ് Mപാർട്ടിയോ? എന്തായാലും മലർന്ന് കിടന്ന് തുപ്പിയതിന് തുല്യമായി കാര്യങ്ങൾ. ഇനി വീണിടത്ത് കിടന്ന് ഉരുളുകയല്ലാതെ വേറെ വഴിയില്ല LDF ന്. നിരവധി ആരോപണങ്ങളുടെ തട്ടിപ്പിന്റെ, കൊള്ളയുടെ, പീഢനങ്ങളുടെ, കെടുകാര്യസ്ഥതകളുടെ കുന്തമുനയ്ക്കൊപ്പം ജോസ് കെ മാണിയും ഒരു കൂട്ടിനായി ഒപ്പമിരിക്കണം.അത് LDF ന്റെ തലവിധിയാണ്. അമ്പു കൊളളാത്തവരില്ല കുരുക്കളിൽ എന്നു പറയുമ്പോലെ LDF-ൽ ഒരു നോട്ടെണ്ണൽ പാർട്ടിയുടെ കുറവ് കൂടിയുണ്ടായിരുന്നു. വന്നവനും നിന്നവനും അമ്പേറ്റതഴമ്പ്.അഴിമതികളെ തല്ലിയും തലോടിയും ന്യായീകരിക്കുന്ന LDF ന്റെ നാണംകെട്ട ആസനത്തിൽ കിളിർത്ത ആലിന്റെ തണലിലൊതുങ്ങാൻ കേരള ജനതയെ ഇനി കിട്ടില്ല. മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി.