guiseppe-fanara

റോം : ഇറ്റലിയിൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ വാക്കേറ്റത്തിനിടെ സുരക്ഷാ ജീവനക്കാരന്റെ വിരൽ കടിച്ചു മുറിച്ചെടുത്ത് വിഴുങ്ങി. കൊടും കുറ്റവാളിയും മാഫിയത്തലവനുമായ ഗ്വിസെപ്പ് ഫനാരാ എന്ന അറുപതുകാരനാണ് ആക്രമണത്തിന് പിന്നിൽ. സെൽ പരിശോധിക്കാനെത്തിയ ഏഴ് ഗാർഡുകളെ ഇയാൾ ആക്രമിച്ചിരുന്നു. ആക്രമണ സ്വഭാവം കാരണം ഇയാൾ ഉൾപ്പെടെയുള്ള ക്രിമിനലുകളെ പ്രത്യേകം സെല്ലുകളിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന്റെ വലതു കൈയ്യിലെ ചെറുവിരലാണ് ഇയാൾ കടിച്ചെടുത്തത്. തുടർന്ന് സാർഡിനിയയിലെ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് ഇയാളെ മാറ്റി. 2009 ൽ സിസിലി സ്വദേശിയായ ഫനാരായെ അഞ്ച് കൊലപാതകങ്ങളും രണ്ട് കൊലപാതകശ്രമങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്തത്. ഇറ്റലിയിലെ കുപ്രസിദ്ധമായ കോസ്‌റ്റ നോസ്ട്ര എന്ന മാഫിയ സംഘത്തിലെ അംഗമാണ് ഫാനാരാ.