india-china

ന്യൂഡൽഹി: അതിർത്തിയിൽ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം സൈനികരുടെ എണ്ണം കൂട്ടി ചൈനയും ഇന്ത്യയും. വൻ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

ഇതുവരെ അതിർത്തിയിൽ അക്രമമോ മുഖാമുഖമോ ഉണ്ടായിട്ടില്ലെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രണ്ട് വശങ്ങളിൽ നിന്നുള്ള സൈനികർ പരസ്പരം കാണാൻകഴിയുന്ന പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. “അവർ വ്യക്തമായി കാണാവുന്ന പരിധിക്കുള്ളിലാണ്, ഇന്ത്യൻ സൈനികർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്,” എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

അതിർത്തിയിൽ സമാധാനം വേണോ, കൂടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ചൈനക്കാർ ഫിംഗർ 4 റിഡ്‌ജ്‌ലൈനിന് മുകളിൽ ഇരിക്കുന്നത് തുടരുകയാണെങ്കിലും, ചൈനയ്‌ക്ക് മേൽ സമ്മർദം ചെലുത്താൻ ഇന്ത്യൻ സൈന്യം മറ്റ് ഉയരങ്ങൾ കീഴ്‌പെടുത്തുകയാണ്. ഫിംഗർ 4 വരെയുള്ള പ്രദേശം മുറുകെ പിടിച്ചിരുന്നുവെങ്കിലും സ്ഥിതിഗതികളിൽ വ്യക്തമായ മാറ്റം വരുത്തിയതിനാൽ ചൈനക്കാർ ഫിംഗർ 4ൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. ഫിംഗർ 5നും ഫിംഗർ 8നും ഇടയിൽ കോട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംഘർഷ പോയിന്റായി മാറിയ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയും ചൈനയും ഈ ഉയരങ്ങളിൽ ചിലതിന് അവകാശവാദമുന്നയിക്കുന്നു. ഇന്ത്യ അവകാശം ഉന്നയിക്കുന്ന ഏറ്റവും നിർണായകമായ ഉയരങ്ങളിലൊന്നാണ് ചൈനക്കാർ പ്രതിഷേധിക്കുന്ന റെചിൻ ലാ. പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള ചൈനീസ് സൈനിക താവളങ്ങൾ മാത്രമല്ല തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള ഫിംഗർ 4 പ്രദേശത്തും ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈനികരെ ഉയരങ്ങളിൽ നിന്ന് പുറത്താക്കാൻ ചൈനക്കാർ ഒന്നിലധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പാംഗോംഗിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നിൽ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെൽമെറ്റ് ടോപ്പിൽ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ചൈനയുടെ ഫിംഗർ നാല്, മോൾഡോ പോസ്റ്റുകൾക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്പോൾ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ നീക്കം മുൻകൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി തലവനുമായ ഷി ജിൻ പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

അതിനിടെ, അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. ഹോട്ട്ലൈൻ വഴി ഇന്ത്യൻ സേന ചൈനീസ് സൈന്യത്തെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.