blast

കാബൂൾ: പ്രഥമ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയെ വധിക്കാൻ ലക്ഷ്യമിട്ട ബോംബാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കയ്യിലും മറ്റും സാരമായ പരിക്കേറ്റെങ്കിലും സലേയും വാഹനത്തിലുണ്ടായിരുന്ന മകനും അത്ഭുതകരമാം വിധം രക്ഷപെട്ടു. അദ്ദേഹത്തിന്റെ അംഗരക്ഷകരടക്കം കൊല്ലപ്പെട്ടു. 15ഓളം പേർക്ക് പരിക്കേറ്റു.

കാബൂൾ നഗരത്തിലൂടെ സലേയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെയാണ് ശക്തമായ സ്ഫോടനം നടന്നത്. റോഡരികിൽ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ഭാഗത്ത് ബോംബ് സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. സ്‌ഫോടനത്തിൽ നിരവധി കടകൾ അഗ്നിക്കിരയായി.

ഭരണകൂടത്തിന് നേരെ ഭീകരർ അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

'ഇന്ന്, ഒരിക്കൽക്കൂടി അഫ്ഗാനിസ്ഥാന്റെ ശത്രുക്കൾ സലേയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ക്രൂരമായ ലക്ഷ്യം നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടു. സാലേ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു.' വൈസ് പ്രസിഡന്റിന്റെ വക്താവ് റസ്വാൻ മുറാദ് ഫേസ്ബുക്കിൽ കുറിച്ചു.

സാലേയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷാസൈനികർക്ക് പരിക്കേറ്റെന്നും റസ്വാൻ മുറാദ് ഏജൻസിയോടു പറഞ്ഞു.

അമേരിക്കയുമായി ഏർപ്പെട്ട കരാർ പ്രകാരം നഗരപ്രദേശങ്ങളിൽ ആക്രമണം നടത്തില്ലെന്നും പ്രതിജ്ഞ ലംഘിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരസിച്ചു.

ആക്രമണത്തിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താനും മകനും സുഖമായിരിക്കുന്നുവെന്നും തന്റെ മുഖത്തും കയ്യിലും പൊള്ളലേറ്റതായും സലേ വ്യക്തമാക്കി.

സലേയുടെ ഇടത് കയ്യിൽ ബാൻഡേജ് ഇട്ടിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

നീചമായ ആക്രമണം

അഫ്ഗാനിസ്ഥാന്റെ മുൻ ഇന്റലിജൻസ് ചീഫും താലിബാന്റെ നിശിത വിമർശകനായ അമറുള്ള സലേയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഇതിനു മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സലേയുടെ ഓഫീസിന് നേർക്ക് നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യ അപലപിച്ചു

അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് കാബൂളിൽ നടന്ന ബോംബാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരെ പോരാടാൻ അഫ്ഗാനിസ്ഥാനോടൊപ്പം എന്നും ഇന്ത്യയുണ്ടാകുമെന്നും ഭീകരർക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്നവരെയും ഭീകരത സ്പോൺസർ ചെയ്യുന്നവരെയും നിർമ്മാർജ്ജനം ചെയ്ത് രാജ്യത്ത് സമാധാനം നിലവിൽ വരുത്താൻ ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യൻ വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.