വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ കൊമേഡിയൻ, ടി.വി അവതാരക, നടി, എഴുത്തുകാരി, നിർമ്മാതാവ് അങ്ങനെ വിശേഷണങ്ങളേറെയാണ് ബഹുമുഖ പ്രതിഭയായ എലൻ ഡിജനറസിന്. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങൾ വിടാതെ എലന്റെ പുറകെയുണ്ട്. ഷൂട്ടിംഗ് സെറ്റിൽ താരം വർണവിവേചനം കാണിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, എലന്റെ വീട്ടിലെ മുൻജോലിക്കാരനും അവർക്കെതിരെ രംഗത്തെത്തി.
പട്ടാള ക്യാംപിനു സമാനമായിരുന്നു എലന്റെ വീടെന്നും താൻ ജീവിതത്തിൽ കണ്ട ഏറ്റവും വൃത്തികെട്ട വ്യക്തിയാണ് എലനെന്നും ഡെയ്ലി മെയിലിന് നൽകിയ അഭിമുഖത്തിൽ ജോലിക്കാൻ ആരോപിച്ചു,
ഭക്ഷണം വിളമ്പുന്ന പാത്രം മാറിപ്പോയാലോ ഉപ്പിന്റെ പാത്രം തെറ്റായ സ്ഥാനത്തിരുന്നാലോ കൃത്യസമയത്ത് പാനീയം നൽകുന്നത് വൈകിപ്പോയാലോ ഒക്കെ ജോലിക്കാർക്ക് വഴക്ക് കിട്ടും. വീടിന്റെ മുക്കും മൂലയും ജോലിക്കാർ വൃത്തിയാക്കുന്നുണ്ടോ എന്നുറപ്പു വരുത്താനായി കബോർഡിന്റെ വാതിലിനു പുറകിലും കുഷ്യന് കീഴെയുമൊക്കെ എലൻ തീപ്പെട്ടിയിടുന്നത് പതിവായിരുന്നു. ജോലിക്കാരിൽ പലരും മാസങ്ങൾക്കുള്ളിൽ വീടുവിട്ടു പോയിരുന്നു. ആളുകളെ ചീത്തവിളിക്കുന്നതിൽ നിന്ന് ആനന്ദം കണ്ടെത്തിയിരുന്ന ആളാണ് എലൻ. ലൈറ്റ് ഓഫാക്കാത്തതോ പൊടിപിടിച്ചു കിടക്കുന്നതോ ഒരൽപം അഴുക്ക് കണ്ടാലോ എലന് ചീത്തവിളിക്കുമെന്നും മുൻ ജീവനക്കാരൻ പറഞ്ഞു.
ദിനവും എലന് അപ്രിയമായി ജീവനക്കാർ ചെയ്ത പ്രവൃത്തികളുടെ പട്ടിക അവർ വായിക്കും. ദിവസവും ജോലിക്കാരെ ചീത്തവിളിക്കാൻ ഇരുപതോ മുപ്പതോ കാരണങ്ങളെങ്കിലും എലൻ കണ്ടുപിടിച്ചിരിക്കുമെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.