ദുരൂഹതകൾ നിറഞ്ഞ ജലാശയമാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ഖിലുക് തടാകം. എന്നാൽ, വേനൽക്കാലത്ത് ഈ തടാകം ഒരുക്കുന്നത് ഒരു അത്ഭുതക്കാഴ്ച തന്നെയാണ്. വേനലിൽ തടാകം വറ്റുന്നതോടെ ദൃശ്യമാകുന്നത് മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള മുന്നൂറിൽപരം ചെറു കുളങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണ് ഖിലുക്. ഇതുകൊണ്ടൊന്നും തീർന്നില്ല. ഇനിയും ഏറെ സവിശേഷതകളുണ്ട് സ്‌പോട്ടഡ് ലേക്ക് അഥവാ പുള്ളികളുള്ള തടാകം എന്നറിയപ്പെടുന്ന ഖിലുക്കിന്.
വ്യത്യസ്ത അസുഖങ്ങൾക്കുള്ള മരുന്നുകളാണ് മുന്നൂറിലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളത്. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്ത ധാതുക്കളുടെ സാന്നിദ്ധ്യം മൂലമാണ് ഇവയ്ക്ക് ഇത്തരമൊരു അത്ഭുത സിദ്ധി ലഭിക്കുന്നത്. ഇവയ്ക്ക് പ്രത്യേക നിറങ്ങൾ ലഭിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. മഗ്നീഷ്യം സൾഫേറ്റിന്റെ സാന്നിദ്ധ്യമാണ് തടാകത്തിൽ കൂടുതലുള്ളത്. കാത്സ്യവും സോഡിയം സൾഫേറ്റുകളുമാണ് ജലത്തിലെ മറ്റു പ്രധാന ധാതുക്കൾ. ചില കുളങ്ങളിൽ മറ്റ് എട്ട് ധാതുക്കളുടെ സാന്നിദ്ധ്യവും ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. സിൽവർ, ടൈറ്റാനിയം എന്നിവയടക്കമുള്ള നാലു ധാതുക്കളും കുറഞ്ഞ അളവിൽ കുളങ്ങളിലെ വെള്ളത്തിലുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് വെടിമരുന്നുണ്ടാക്കാനും മറ്റും ഖിലുക്കിലെ വെള്ളം ഉപയോഗിച്ചിരുന്നു. പ്രദേശത്തെ ഒക്കനാഗൻ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ പുണ്യസ്ഥലമായാണ് തടാകത്തെ കാണുന്നത്. ത്വക്ക് രോഗങ്ങൾക്കും ശരീര വേദനയ്ക്കും മുറിവുകൾക്കും അരിമ്പാറ പോലെയുള്ള രോഗങ്ങൾക്കും ഒക്കനാഗൻകാർ ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നു.