യൂറോപ്പ്: 'യൂറോപ്പിന്റെ മോസ്റ്റ് വാണ്ടഡ് ബെയറായി' 42 ദിവസമായി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഓടിക്കൊണ്ടിരുന്ന കരടിയെ ഒടുവില്‍ റേഞ്ചര്‍മാര്‍ പിടിക്കൂടി. 149 കിലോഗ്രാം ഭാരമുള്ള തവിട്ടുനിറത്തിലുള്ള കരടിക്ക് ചുറ്റുപാടില്‍ നിന്ന് രക്ഷപ്പെടാനുള്ള മിടുക്കിന് 'പാപ്പിലണ്' എന്ന വിളിപ്പേര് ലഭിച്ചു.
ഫ്രഞ്ച് തടവുകാരനായ ഹെന്റി ഷാലിയറിന്റെ ആത്മകഥയായ പാപ്പിലോണ്‍ പുസ്തകമായും സിനിമയായും ഏറെ പ്രസിദ്ധമാണ്. ഒന്‍പതു തവണ ജയില്‍ചാട്ടത്തിന് ശ്രമിച്ച് പിടിക്കപ്പെട്ടെങ്കിലും പത്താം തവണ സാഹസികമായി രക്ഷപ്പെട്ടതിന്റെ കഥയാണ് പാപ്പിലോണ്‍.
ഇറ്റാലിയന്‍ പ്രവിശ്യയായ ട്രെന്റോയില്‍ നിന്നാണ് റേഞ്ചര്‍മാര്‍ പാപ്പിലോണിനെ പിടികൂടിയത്. ജൂലായില്‍ കാസ്റ്റെല്ലര് സെന്ററില്‍ നിന്ന് ഓടിപ്പോയ കരടി, യൂറോപ്പിലെ മോസ്റ്റ് വാണ്ടഡ് കരടിയായി മാറി. സോഷ്യല്‍ മീഡിയയിലെ പല ന്യൂസ് ഓര്‍ഗനൈസേഷനുകളും ആളുകളും കരടിയെ 'രക്ഷപ്പെടല്‍ പ്രതിഭ' എന്നാണ് വിശേഷിപ്പിച്ചത്.
ട്രെന്റോ പ്രവിശ്യയുടെ പ്രസിഡന്റ് മൗറീസോ ഫുഗാട്ടി കരടിയെ പിടികൂടാന്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ പാപ്പിലോൺ ചർച്ചാവിഷയമായി. ജനവാസ മേഖലകള്‍ക്ക് സമീപം കരടിയെ കണ്ടെത്തിയത്തോടെ മനുഷ്യര്‍ക്ക് അപകടസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം 49 എന്ന കോഡ്നാമമുള്ള ഈ കരടി 2019 ജൂലൈ 15 ന് മൂന്ന് വൈദ്യുത വേലികളും നാല് മീറ്റര്‍ ഉയരമുള്ള തടസ്സവും മറികടന്ന് രക്ഷപ്പെട്ടിരുന്നു. 7,000 വോള്‍ട്ടുള്ള ഏഴ് വയറുകളുള്ള ഒരു വൈദ്യുത വേലിയില്‍ കരടിക്ക് കയറാന്‍ കഴിഞ്ഞുവെന്നത് അപകടകരമാണെന്നും പൊതു സുരക്ഷാ പ്രശ്നമാണെന്നും ഫുഗാട്ടി 2019 ല്‍ പറഞ്ഞിരുന്നു.
കരടിയെ ഏപ്രില്‍ 29 ന് പിടിക്കൂടി രണ്ട് മാസം തടവിലാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അത് വീണ്ടും രക്ഷപ്പെട്ടു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കരടിയെ തിരിച്ചുപിടിക്കുകയും അതിന്റെ കോളറില്‍ അതിന്റെ ചലനങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു ട്രാക്കിംഗ് ഉപകരണം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് നീക്കംചെയ്ത് പാപ്പിലോൺ, ജൂലൈ 27 ന് വീണ്ടും രക്ഷപ്പെട്ടു. ഇപ്പോൾ 42 ദിവസത്തെ സ്വാതന്ത്ര്യമാണ് 'ട്യൂബ് - ട്രാപ്പില്‍' കുടുങ്ങിയ ശേഷം സെപ്റ്റംബര്‍ 7 ന് പാപ്പിലോണിന് അവസാനിച്ചത്.