ലണ്ടൻ: പ്രതീക്ഷയോടെ കാത്തിരുന്ന ആസ്ട്രാസെനക - ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണം നിറുത്തിവച്ച വാർത്ത ലോകമെമ്പാടുമുള്ള ജനങ്ങൾ ആശങ്കയോടാണ് കേട്ടത്. ബ്രിട്ടണിൽ വാക്സിൻ പരീക്ഷിച്ചവരിൽ ഒരാൾക്ക് പാർശ്വഫലം കണ്ടതാണ് ട്രയൽ താത്കാലികമായി നിറുത്താൻ കാരണം. ഇയാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിറുത്തുന്നതെന്നും പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണെന്നും പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും ആസ്ട്രസെനക അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചരുന്നതാണ് ഈ വാക്സിൻ. പെട്ടെന്ന് പുറത്തുവന്ന ഈ അശുഭകരമായ വാർത്ത ചില്ലറയൊന്നുമല്ല ഏവരെയും നിരാശരാക്കുന്നത്. ഇനി എന്താണ് സംഭവിക്കുക എന്നതാണ് നാം ഏവരും ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യമാലോചിച്ച് ആരും ടെൻഷനാകേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ട്രയൽ ഇനി തുടങ്ങുമോ ?
ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന പാർശ്വഫലങ്ങളെ പറ്റി ഗവേഷകർ കുറച്ച് ദിവസം പഠനം നടത്തും. ഇതിന് ശേഷം ട്രയൽ പുഃനരാരംഭിക്കുക തന്നെയാകും ചെയ്യുക. ട്രയലിനിടെ സാധാരണ ഇങ്ങനെ പാർശ്വഫലങ്ങൾ പ്രകടമായത് കൊണ്ട് ഗവേഷണങ്ങൾ നിന്നു പോകാറില്ലെന്ന് യൂണിവേഴ്സിറ്റി ഒഫ് മെൽബണിലെ പ്രൊഫസർ ടെറി നോളൻ പറയുന്നു.
ട്രയൽ പുഃനരാരംഭിക്കുക തന്നെ ചെയ്യുമെന്നും എന്നാൽ ഇനിയുള്ള ഘട്ടങ്ങളിൽ ഗവേഷകർ പ്രത്യേക ജാഗ്രതയോടെയാകും നീങ്ങുക എന്നും നോളൻ ചൂണ്ടിക്കാട്ടുന്നു. ട്രയലിൽ ഒരാളിൽ മാത്രമാണ് പാർശ്വഫലം പ്രകടമായെന്നാണ് നിലവിൽ റിപ്പോർട്ട്. ആസ്ട്രാസെനക - ഓക്സ്ഫഡ് നേതൃത്വത്തിൽ നടക്കുന്നത് വളരെ വിസ്തൃതമായ ഗവേഷണ പരിപാടിയാണ്. ഒരൊറ്റ കേസ് റിപ്പോർട്ട് ചെയ്തത് വഴി ഇത്രയും വലിയ ഒരു വാക്സിൻ ഗവേഷണം നിറുത്താനാകില്ലെന്നും എവിടെയെങ്കിലും പാകപ്പിഴ ഒളിഞ്ഞിക്കുന്നുണ്ടോ എന്ന് ഗവേഷകർ സൂഷ്മമായി നിരീക്ഷിച്ച് ട്രയൽ മുന്നോട്ട് പോകുമെന്ന് യൂണിവേഴ്സിറ്റി ഒഫ് സിഡ്നിയിലെ ഗവേഷകനായ പ്രൊഫസർ ജോൺ സിംസ് പറഞ്ഞു.
ഇനി എന്ത് ?
' ട്രയൽ താത്കാലികമായി നിറുത്തിവച്ചിരിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒരർത്ഥത്തിൽ വാക്സിൻ വികസന പ്രക്രിയ നടക്കുക തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. എന്തായാലും ട്രയൽ വീണ്ടും ആരംഭിക്കും. എന്നാൽ അതിന് ശേഷം സമാന രീതിയിൽ വീണ്ടും നിറുത്തി വയ്ക്കാനും സാദ്ധ്യത ഇല്ലാതില്ല. എല്ലാ വാക്സിൻ ട്രയലുകളിലും ഇത്തരം ഘട്ടങ്ങൾ സാധാരണമാണ്. വീഴ്ചകളിൽ നിന്നുമാണ് പുതിയ കാര്യങ്ങൾ മനസിലാക്കുക.
ഓക്സ്ഫഡിന്റെ വാക്സിനിൽ പാർശ്വഫലങ്ങൾ പ്രകടമായെന്നത് കൊണ്ട് വാക്സിൻ പ്രതീക്ഷ ഒരിക്കലും അസ്തമിക്കില്ല. ഇന്ന് കൊവിഡിനെ തളയ്ക്കാൻ പലതരത്തിലുള്ള വാക്സിനുകളുടെ ട്രയലുകൾ നടന്നുക്കൊണ്ടിരിക്കുകയാണ്. ഇനി ഒരു വാക്സിൻ ഒരു വിഭാഗം പേരിൽ പാർശ്വഫലത്തിനിടയാക്കിയാൽ തന്നെ, മറ്റൊരു വാക്സിൻ തിരഞ്ഞെടുക്കാവുന്നതുമാണ്. ' മെൽബണിലെ ആർ.എം.ഐ.ടി യൂണിവേഴ്സിറ്റിയിലെ വാക്സിൻ ഗവേഷകനായ ഡോ. കൈലി ക്വിൻ ചൂണ്ടിക്കാട്ടുന്നു.
ഒരു രോഗത്തെ പ്രതിരോധിക്കത്തക്ക വാക്സിൻ വികസിപ്പിച്ചെടുക്കുക എന്നത് നിസാരമായ ഒന്നല്ല. സമയമെടുത്ത് വാക്സിന്റെ പ്രവർത്തനം മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച് വിലയിരുത്തി സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അപാകതകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തുന്നതിന് വേണ്ടിയാണ് മൂന്ന് ഘട്ടങ്ങളിലായി ട്രയലുകൾ നടത്തുന്നത്. ട്രയലുകൾക്കിടെ തടസങ്ങൾ ഉണ്ടാവാം. അത് പരിഹരിച്ച് മുന്നോട്ട് നീങ്ങുക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള കൊവിഡ് വാക്സിൻ ട്രയലുകളെല്ലാം ഇപ്പോൾ ശ്രദ്ധാപൂർവം മുന്നോട്ട് നീങ്ങുകയാണ്. കൊവിഡിനെ തുടച്ചു നീക്കാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എത്തുക തന്നെ ചെയ്യും. ഒരു പക്ഷേ, അതിന് സമയമെടുത്തേക്കാം. അതുവരെ നമ്മൾ ജാഗ്രതയോടെ കാത്തിരിക്കുക തന്നെ വേണം.