തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതോടെ കോളനികളിലും ചേരിപ്രദേശങ്ങളിലും ജീവിതമാർഗം കണ്ടെത്താനാകാതെ ജനങ്ങൾ വലയുന്നു. സമാനമായ സ്ഥിതിയാണ് ജില്ലയുടെ തീരപ്രദേശങ്ങളിലും ഉള്ളത്. മത്സ്യബന്ധനത്തിനും മറ്റും അന്യസംസ്ഥാന തീരങ്ങളിൽ വരെ പോകുന്ന മത്സ്യത്തൊഴിലാളികൾ ജില്ലയിലുണ്ട്. ഇങ്ങനെ പോയിട്ടുവന്നാൽ 14 ദിവസത്തെ ക്വാറന്റൈനും 10 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞേ വീണ്ടും മത്സ്യബന്ധനത്തിന് പോകാനാകൂ. ആദ്യ തവണ കടലിൽ പോകുമ്പോൾ നല്ല തോതിൽ മത്സ്യം കിട്ടണമെന്നു പോലുമില്ല. അന്നന്നുള്ള ജീവിതമാർഗം അന്നന്ന് കണ്ടെത്തുന്ന ഇവർക്ക് ഇതുകൊണ്ടൊക്കെ തന്നെ തുടർദിവസങ്ങളിൽ അരവയറുമായി കഴിയാനാണ് വിധി.
ഈ മേഖലകളിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലേക്കോ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ മാറ്റിയാൽ സ്ഥിതി പിന്നെയും രൂക്ഷമാകും. ക്വാറന്റൈനിൽ കഴിയേണ്ടതിനാൽ കുടുംബത്തിലെ മറ്റാർക്കും തന്നെ ജോലിക്ക് പോകാനാത്ത സ്ഥിതിയാകും. ഇതോടെ വീട്ടിലെ അടുപ്പ് പുകയാത്ത സാഹചര്യമുമാകും. ഇത് പലപ്പോഴും ജനങ്ങളും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് ഇടയാക്കുന്നുണ്ട്.
തീരപ്രദേശങ്ങളിൽ കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെടുന്നതോടെ ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർബന്ധിതമാകും. സർക്കാർ സൗജന്യ റേഷനും മറ്റും നൽകുന്നുണ്ടെങ്കിലും ഇതൊന്നും അവരുടെ വിശപ്പടക്കാൻ മതിയാകുന്നില്ല. ക്ളസ്റ്ററുകളിലും കണ്ടെയ്‌ൻമെന്റ് സോണുകളിലുമൊക്കെ രോഗബാധ ഉണ്ടാവുന്നവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രൈവർമാരും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ശുചീകരണ തൊഴിലാളികളുമൊക്കെയാണ്. അന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്ന ഇവരെ ക്വാറന്റൈൻ ചെയ്യുകയെന്നത് ആരോഗ്യ പ്രവർത്തകർക്ക് ശ്രമകരമായ ദൗത്യവുമാണ്.
സുരക്ഷിതത്വത്തിന് മാസ്‌കും സാനിറ്റൈസറും മറ്റും ഉപയോഗിച്ചാലും രോഗവ്യാപന തോത് ഉയർന്നു നിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർ ഇവരെ മറ്റ് ജോലികൾ ചെയ്യാൻ അനുവദിക്കാറുമില്ല. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കൃത്യമായ ഭക്ഷണം എത്തിക്കുന്നതിൽ അധികൃതർ വരുത്തുന്ന വീഴ്ചയും വെല്ലുവിളിയായി നിൽക്കുന്നു.