മൂവാറ്റുപുഴ: ചെകുത്താൻ കാറിന്റെ ഓട്ടത്തിന് മോട്ടോർ വാഹന വകുപ്പിന്റെ ഫുൾസ്റ്റോപ്പ്. നിയമങ്ങൾ ലംഘിച്ച് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലും സൈസ് അപ്രൂവൽ സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും ഇരുപതോളം മാറ്റങ്ങൾ വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ ആറുമാസത്തേക്കാണ് റദ്ദാക്കിയത്.
KL 17 R 80 രജിസ്ട്രേഷൻ നമ്പറിലുള്ള ഇസുസുവിന്റെ ഡി-മാക്സ് വി-ക്രോസാണ് രൂപമാറ്റം വരുത്തി ഹോളിവുഡിലെ വില്ലൻ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സമാനമാക്കിയത്. ഒറ്റമാത്രയിൽ കണ്ടാൽ ആരും പേടിച്ചുപോകും. ഇതിനായി ബംപർ ഇളക്കി മാറ്റുകയും കാറിന്റെ വശങ്ങളിലേക്കു തളളി നിൽക്കുന്ന വലിയ ചക്രങ്ങൾ ഘടിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം അതീതീവ്ര പ്രകാശമുള്ള ലൈറ്റുകളും വലിയ ക്രാഷ് ഗാർഡുകളും ഘടിപ്പിച്ചു. അങ്ങനെ ഒരു മൊത്തത്തിൽ ഒരു ചെകുത്താൻ ലുക്കായി.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായത്തോടെ മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ചെകുത്താൻ കാറിനെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വാഹന പരിശോധന നടത്തിയ അധികൃതർ 41,000 രൂപ പിഴ അടക്കാനും വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാനും വാഹന ഉടമയോട് നിർദേശിച്ചിരുന്നു. എന്നാൽ ഉടമ ഇതിനു തയാറായില്ല. തുടർന്നാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റങ്ങൾ ഒഴിവാക്കി വാഹനം ഹാജരാക്കുന്നതു വരെയോ അല്ലെങ്കിൽ ആറ് മാസത്തേക്കോ ആണ് റജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത് എന്നാണ് മൂവാറ്റുപുഴ ആർ ടി ഒ പറഞ്ഞു.