ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021ലെ സമാധാന നോബൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മദ്ധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്‌മീർ തർക്കത്തിലെ ട്രംപിന്റെ ഇടപെടൽ സംബന്ധിച്ചും ടൈബ്രിംഗ് നാമനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാൻ കൂടിയായ ട്രൈബിംഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നു. പുരസ്‌കാരത്തിന് നാമനിർദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാന പങ്കാണ് വഹിച്ചത്. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും യു.എ.ഇയുടെ പാത പിന്തുടരും. യു.എ.ഇ- ഇസ്രായേൽ കരാർ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റേയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ പാകിസ്ഥാൻ കാശ്‌മീർ തർക്കം ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘർഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികൾ തമ്മിൽ സമ്പർക്കം സുഗമമാക്കുന്നതിൽ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തു. മുൻ അമേരിക്കൻ പ്രസിഡന്റായ ബരാക് ഒബാമയ്‌ക്ക് 2009ൽ നോബൽ സമ്മാനം ലഭിച്ചിരുന്നു.