ബംഗളൂരു: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടൻ നിയാസ് മുഹമ്മദ് മലയാളത്തിൽ ഒരു ചിത്രത്തിലും അഭിനയിച്ചിരുന്നതായി റിപ്പോർട്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇയാൾ എത്തിയത്. കൂടാതെ റാംപ് ഷോകളിലെ മോഡലുകളിലൊരാളായ ഇയാൾ നിരവധി കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയിലെ കലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാൾ ഇവിടത്തെ ജിമ്മിൽ സ്ഥിരമായി എത്തിയിരുന്നു. നിയാസ് അരൂർ സ്വദേശിയാണെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കലൂർ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല.
അഞ്ച് വർഷത്തിലേറെയായി ഇയാൾ ബംഗളൂരുവിലാണ് സ്ഥിരതാമസം. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണിയുടെ ഉറ്റ സുഹൃത്താണ് ഇയാളെന്നാണ് സൂചന. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.