കീവ്: സ്വവർഗ വിവാഹം കാരണമാണ് കൊവിഡ് ബാധിക്കുന്നത് എന്ന് പ്രസ്താവന നടത്തിയ ഉക്രെയ്‌നിലെ മത നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. കീവിലെ ഓർത്തഡോക്സ് സഭാ പാത്രിയാർക്കീസ് ഫിലാരറ്റിനാണ് (91) രോഗബാധ. ആശുപത്രിയിൽ പ്രവേശിപ്പിച്ച പാത്രിയാർക്കീസിന്റെ സ്ഥിതി ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മാർച്ചിൽ ഒരു അഭിമുഖത്തിൽ മനുഷ്യരാശിയുടെ പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് കൊവിഡ് എന്നായിരുന്നു ഫിലാരറ്റ് അഭിപ്രായപ്പെട്ടത്. സ്വവർഗ വിവാഹമാണ് കൊവിഡ് വരാനുള്ള ഒന്നാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പാത്രിയാർക്കീസിന്റെ പ്രസ്താവനയ്ക്കെതിരെ ഏപ്രിൽ മാസം ഉക്രെയ്‌നിലെ എൽ.ജി.ബി.ടി.ക്യൂ സമൂഹം കോടതിയെ സമീപിച്ചു. ഉക്രെയ്‌നിലെ സഭാ നേതാക്കളുടെ പ്രസ്താവനകൾക്ക് സമൂഹത്തിൽ ഇടമില്ല എന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നായിരുന്നു പരാതിക്കാർ പറഞ്ഞത്. സമൂഹത്തിന്റെ സദാചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഭയുടെ മുതിർന്ന നേതാവ് എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഫിലാരറ്റിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ വിശദീകരണം.
"