oxford-vaccine

ലണ്ടൻ:ലോകം ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന ഓക്സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ പരീക്ഷിച്ച വോളണ്ടിയർക്ക് അജ്ഞാത രോഗം റിപ്പോ‌ർട്ട് ചെയ്‌തതിനെ തുടർന്ന് മനുഷ്യരിലെ അവസാനഘട്ട പരീക്ഷണം താത്കാലികമായി നിറുത്തി വച്ചു.

മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകന് കാരണങ്ങൾ വിശദീകരിക്കാനാവാത്ത അസ്വസ്ഥതകളാണ് ബാധിച്ചത്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത് വാക്‌സിന്റെ പാർശ്വഫലമാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും വരെ അവസാന ക്ലിനിക്കൽ പരീക്ഷണം നിറുത്തിവച്ചതായി വാക്സിൻ വികസനത്തിൽ പങ്കാളിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്ര സെനെക അറിയിച്ചു.

ഗുരുതരമായ പാർശ്വഫലമാണെങ്കിൽ വാക്സിൻ സുരക്ഷിതമല്ലെന്നാണ് അർത്ഥം. വിശദമായി സുരക്ഷാ പരിശോധനയ്ക്കായി വലിയ ക്ലിനിക്കൽ പഠനങ്ങൾ താൽകാലികമായി നിറുത്തുക പതിവാണ്. വാക്സിൻ പതിനായിരക്കണക്കിന് ആളുകളിൽ പരീക്ഷിക്കുമ്പോൾ എല്ലാ തരത്തിലുമുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്ന് അസ്ട്ര സെനെകയുടെ അറിയിപ്പിൽ പറയുന്നു.

ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ഓക്‌സ്‌ഫോഡ് വാക്സിൻ വിപണിയിലെത്തുമെന്നാണ് കരുതിയത്. പുതിയ സംഭവ വികാസം ലോകമെമ്പാടും നിരാശ പടർത്തിയിട്ടുണ്ട്.

ജൂലായ് 20നാണ് ഓക്സ്‌ഫോഡ് സർവകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ മൂന്നാംഘട്ട പരീക്ഷണവുമായി സഹകരിക്കുന്നുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.വാക്സിൻ പൂർണ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തേണ്ടത് മൂന്നാംഘട്ടത്തിലാണ്. ഗുരുതരമായ അസ്വസ്ഥതകൾ, ആശുപത്രി ചികിത്സ ആവശ്യമായ ലക്ഷണങ്ങൾ, ജീവൻ അപകടപ്പെടുത്തുന്ന രോഗം, മരണം എന്നിങ്ങനെ വ്യത്യസ്ത പാർശ്വഫലങ്ങൾ ഉണ്ടാവാം.

അസ്ട്രസെനകയുടെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണം അമേരിക്കയിൽ നടക്കുകയാണ്. ഇതിനായി 30,​000 വോളണ്ടിയർമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. കൂടാതെ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങി 62 രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളിലും വാക്സിൻ പരീക്ഷിക്കുന്നുണ്ട്.

ചരിത്ര പ്രതിജ്ഞ

അസ്ട്ര സെനെക ഉൾപ്പെടെ കോവിഡ് വാക്സിൻ വികസനത്തിൽ പങ്കാളികളായ ഒൻപത് സ്ഥാപനങ്ങൾ വാക്സീൻ പരീക്ഷണത്തിന് ശാസ്ത്രീയവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്ന ‘ചരിത്രപരമായ പ്രതിജ്ഞ എടുത്ത ചൊവ്വാഴ്ച തന്നെയാണ് നിരാശാജനകമായ റിപ്പോർട്ട് വന്നത്. വാക്സിൻ കുത്തിവച്ചവരുടെ സുരക്ഷയും ക്ഷേമവും മുൻ‌ഗണനയാക്കുമെന്നും മൂന്ന് ക്ലിനിക്കൽ പരീക്ഷണവും വിജയിച്ചാലേ അംഗീകാരത്തിനായി അപേക്ഷിക്കുകയുള്ളൂ എന്നുമാണ് പ്രതിജ്ഞ. ജോൺസൺ ആൻഡ് ജോൺസൺ, ബയോടെക്, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ, ഫൈസർ, മെർക്ക്, മോഡേണ, സനോഫി, നോവവാക്സ് എന്നിവയാണ് പ്രതിജ്ഞയെടുത്ത മറ്റ് കമ്പനികൾ.

 'വലിയ പരീക്ഷണങ്ങളിൽ രോഗങ്ങൾ ആകസ്മികമായി സംഭവിക്കുമെങ്കിലും ഇത് ശ്രദ്ധാപൂർവം പരിശോധിക്കുകയും സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടതുമുണ്ട്.'

- അസ്ട്രാസെനെക വക്താവ്