മുംബയ്: ബോളിവുഡ് താരം കങ്കണ റണൗടിന്റെ ബാന്ദ്രയിലുളള വീടിനോട് ചേർന്നുളള കെട്ടിടം പൊളിച്ച് നീക്കിയ മുംബയ് കോർപറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി നടി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രൂക്ഷമായി കങ്കണ വിമർശിച്ചു. 'ഉദ്ദവ്..എന്റെ വീട് പൊഴിച്ചുമാറ്റിയതിലൂടെ എന്നോട് വലിയ പ്രതികാരം ചെയ്‌തു എന്നാണോ ഭാവം!!. ഇന്ന് എന്റെ വീട് തകർന്നു. നാളെ നിങ്ങളുടെ അഹങ്കാരം തകരും. ഇത് കാലചക്രമാണ്. സമയം ഒരിക്കലും ഒരുപോലെ നിൽക്കില്ല എന്ന് ഓർത്തിരിക്കണം.' കങ്കണ വീഡിയോയിൽ പറയുന്നു.
तुमने जो किया अच्छा किया 🙂#DeathOfDemocracy pic.twitter.com/TBZiYytSEw
— Kangana Ranaut (@KanganaTeam) September 9, 2020
'കശ്‌മീരി പണ്ഡിറ്റുകൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. കാശ്‌മീരി പണ്ഡിറ്റുകളെ കുറിച്ചും അയോദ്ധ്യയെ കുറിച്ചും ഞാൻ ഉടൻ ഒരു ചിത്രം ചെയ്യും.' കങ്കണ വീഡിയോയിൽ പറഞ്ഞു. മുംബയ് കോർപറേഷൻ തകർത്ത തന്റെ വീടിന്റെ വീഡിയോകളും നടി പങ്കുവച്ചു. കങ്കണയുടെ ഓഫീസ് നിയമവിരുദ്ധമായ കെട്ടിടമെന്ന് അഭിപ്രായപ്പെട്ടാണ് മുംബൈ ബാന്ദ്ര വെസ്‌റ്രിലെ വീടിനോട് ചേർന്ന കെട്ടിടം കോർപറേഷൻ പൊളിച്ചത്.
#DeathOfDemocracy pic.twitter.com/9jPsCDYYrH
— Kangana Ranaut (@KanganaTeam) September 9, 2020
നേരത്തെ കങ്കണയുടെ വീട്ടിലെ കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. എന്നാൽ കോടതി ഉത്തരവ് വരുമ്പോഴേക്ക് വീടിന്റെ നല്ലൊരു ഭാഗം തകർത്തുകഴിഞ്ഞിരുന്നു. സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്ന് മഹാരാഷ്‌ട്ര സർക്കാരിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾ ശിവസേനയുടെ എതിർപ്പിന് കാരണമായിരുന്നു. തുടർന്ന് വൈ കാറ്റഗറി സുരക്ഷ കങ്കണയ്‌ക്ക് ഏർപ്പെടുത്തിയിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് ഇന്ന് മടങ്ങിയെത്തിയ കങ്കണയ്‌ക്കെതിരെ മുദ്രാവാക്യങ്ങളുമായി ശിവസേന പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. നടിയ്‌ക്ക് അനുകൂലമായി റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യയും കർണിസേനയും ഇവിടെയെത്തിയിരുന്നു.