കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്. അതിൽ ചിലത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കൂട്ടത്തിൽ, ശ്രദ്ധ നേടുകയാണ് നടൻ ശ്രീനിഷ് അരവിന്ദ് പങ്കുവച്ച ആശംസകുറിപ്പും ചിത്രവും.
മമ്മൂട്ടിയോടൊപ്പം രണ്ടു കാലഘട്ടങ്ങളിൽ നിന്നുള്ള ചിത്രമാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയുടെ പിറകിൽ പരുങ്ങി നിൽക്കുകയാണ് ശ്രീനിഷ്. രണ്ടാമത്ത ചിത്രത്തിൽ ആവട്ടെ, ശ്രീനിഷ് മണവാളന്റെ വേഷത്തിലാണ്. പേളി മാണി - ശ്രീനിഷ് വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയപ്പോൾ പകർത്തിയതാണ് രണ്ടാമത്തെ ഫോട്ടോ..“മമ്മൂട്ടിയുടെ പിറകിൽ നിൽക്കുന്ന ആ കൊച്ചു കുട്ടിയെ കണ്ടോ? അവനൊരിക്കലും വിചാരിച്ചിരുന്നില്ല, പ്രിയപ്പെട്ട ഹീറോ തന്റെ വിവാഹത്തിന് അനുഗ്രഹങ്ങളുമായി എത്തുമെന്ന്. വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, ഒന്നും മാറിയിട്ടില്ല, ഈ മനുഷ്യനോട് തോന്നുന്ന സ്നേഹവും ആദരവും വർധിച്ചുവെന്നല്ലാതെ. ജന്മദിനാശംസകൾ മമ്മൂക്ക,” ശ്രീനിഷ് കുറിക്കുന്നു.