പാരീസ് : തന്റെ മരണം സോഷ്യൽ മീഡിയയിലൂടെ ലൈവായി കാണിക്കാനൊരുങ്ങിയ അലെൻ കോക്ക് എന്ന 57 വയസുള്ള ഫ്രഞ്ച് പൗരന്റെ നീക്കത്തെ തടഞ്ഞ് ഫേസ്ബുക്കും ഫ്രഞ്ച് സർക്കാരും. വളരെ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലായ അലെന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ജീവിക്കാനാകൂ. അത്രയും ദിവസും കൂടി കടുത്ത വേദന സഹിക്കാനാകാത്തതിനാൽ ദയാവധത്തിന് സർക്കാരിന്റെ അനുവാദം തേടിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അത് നിരസിച്ചിരുന്നു. തുടർന്ന് ഭക്ഷണവും വെള്ളവും മരുന്നും തനിക്കിനി വേണ്ടെന്നും അലെൻ തീരുമാനിച്ചിരുന്നു. മരണം വേഗത്തിലാക്കാനാണ് ഇതെന്ന് അലെൻ പറഞ്ഞിരുന്നു. തന്നെ പോലെ മരണം മുന്നിൽ കണ്ട് യാതന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ സമൂഹം തിരിച്ചറിയാൻ വേണ്ടിയാണ് തന്റെ മരണം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കാൻ അലെൻ ഒരുങ്ങിയത്.
എന്നാൽ അലെന്റെ ശ്രമത്തെ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം തടഞ്ഞു. സുപ്രധാനമായ ഒരു വിഷയം ഫ്രഞ്ച് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് അലെന്റെ നീക്കം തങ്ങൾ ബഹുമാനിക്കുന്നതായും എന്നാൽ ഇത്തരത്തിൽ മരണം ലൈവായി കാണിക്കുന്നത് മറ്റ് സാമൂഹ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കാമെന്നതിനാലും ആരോഗ്യ മേഖലയിലെ ഉൾപ്പെടെ വിദഗ്ദ്ധരുടെ ഉപദേശം മാനിച്ച് അലെന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് ബ്രോഡ്കാസ്‌റ്റിംഗ് തങ്ങൾ തടയുകയാണെന്നും ഫേസ്ബുക്ക് വൃത്തങ്ങൾ അറിയിച്ചിരുന്നു. മരണം ലൈവായി കാണിക്കാനുള്ള അലെന്റെ തീരുമാനത്തോട് ഫ്രഞ്ച് സർക്കാർ വിയോജിപ്പ് അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ലൈവ് സ്ട്രീമിംഗ് സംവിധാനം ബ്ലോക്ക് ചെയ്തതോട് കൂടി തന്റെ മരണം ലൈവായി കാണിക്കാൻ മറ്റ് വഴികൾ തേടുകയാണ് അലെൻ.
ധമനികളുടെ ഭിത്തികൾ പരസ്പരം ഒട്ടിച്ചേർന്നു പോകുന്ന അപൂർവ രോഗമാണ് അലെന്. ഒരാഴ്ചയ്ക്കുള്ളിൽ അലെൻ മരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതൽ അലെൻ ഫേസ്ബുക്കിൽ ലൈവ് ആരംഭിച്ചിരുന്നു. തനിക്ക് സമാധാനത്തോടെ ലോകത്ത് നിന്നും വിടപറയാൻ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലെൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചത്. എന്നാൽ ഫ്രഞ്ച് നിയമം ഇതിന് അനുശാസിക്കുന്നില്ലെന്ന് മാക്രോൺ അറിയിക്കുകയായിരുന്നു.