തിരുവനന്തപുരം: അഗതി മന്ദിരത്തില്‍ കൊവിഡ് വ്യാപനം. വെമ്പായം വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെരുവില്‍ അലഞ്ഞു തിരിയുന്നവരെ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് സംരക്ഷിക്കുന്ന ഇടമാണിത്. ഇരുന്നൂറോളം അന്തേവാസികളാണ് ഇവിടെയുള്ളത്.
മൂന്ന് ദിവസം മുന്‍പ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മറ്റ് ചിലര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് അഗതിമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന സാഹചര്യമുള്ളതിനാല്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പകരുമെന്നുള്ള സാഹചര്യം കണക്കിലെടുത്താണ് മറ്റ് അന്തേവാസികള്‍ക്കും പരിശോധന നടത്തിയത്.
വരും ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. ശാന്തി മന്ദിരത്തില്‍ കഴിയുന്നവരിലധികവും പ്രായമേറിയവരായതിനാല്‍ ഇവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 613 പേർ രോഗമുക്തി നേടി.