india-australia-france

ന്യൂഡൽഹി : ഇന്തോ - പസഫിക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ബഹുമുഖത്വം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ട് ഇന്ത്യ, ഓസ്ട്രേലിയ, ഫ്രാൻസ് രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരുടെ ആദ്യ ഘട്ട കൂടിക്കാഴ്ച നടന്നു. ' ഇന്തോ - പസഫികിലെ സാമ്പത്തികവും ഭൗമശാസ്ത്രപരവുമായ സഹകരണത്തെ പറ്റിയും മേഖലകൾ നേരിടുന്ന വെല്ലുവിളികളെ പറ്റിയും മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ചർച്ച ചെയ്തു. കൊവിഡ് വ്യാപനത്തിനും ചർച്ചയിൽ ഊന്നൽ നൽകി.

ഇന്ത്യയും അമേരിക്കയും ഉൾപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗിന്റെ ഭാഗമായി ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യൻ മഹാസമുദ്രത്തിൽ പങ്കാളിത്തമുള്ള രാജ്യങ്ങളിലും അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ( ആസിയാൻ ) അംഗങ്ങളുമായ മറ്റ് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഇന്ത്യൻ അതിർത്തി പ്രദേശത്തും ദക്ഷിണ ചൈനാക്കടലിലും ചൈന നടത്തുന്ന ആക്രമണാത്മക നടപടിയ്ക്കെതിരെയാണ് ഈ നീക്കം. ഇന്തോ - പസഫിക് മേഖലയിലെ പ്രദേശിക സഹകരണവും സമുദ്രസുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി വരും ആഴ്ചകളിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ രണ്ട് വെർച്വൽ മീറ്റിംഗുകൾ നടക്കാനിരിക്കുകയാണ്.

ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ഷ്രിംഗ്ല, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ജനറൽ സെക്രട്ടറി ഫ്രാങ്കോയിസ് ഡെലട്രെ, ഓസ്ട്രേലിയൻ വിദേശകാര്യ വാണിജ്യ വകുപ്പ് സെക്രട്ടറി ഫാൻസിസ് ആദംസൺ എന്നിവരാണ് പങ്കെടുത്തത്. എല്ലാ വർഷവും മൂന്നു രാജ്യങ്ങളും തമ്മിൽ ഈ കൂടിക്കാഴ്ച ആവർത്തിക്കുമെന്നും യോഗത്തിൽ ധാരണയായി.