തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്‌മവിശ്വാസമാണ് തനിക്ക് ഉള്ളതെന്ന് കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാം. പൊതുവെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. കുട്ടനാട്ടിലെ ജനങ്ങൾക്ക് കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരു എം.എൽ.എയുടെ സാന്നിദ്ധ്യമില്ല. കുട്ടനാട്ടിൽ നിന്ന് പ്രവർത്തിക്കുന്ന കുട്ടനാടിന്റെ പ്രശ്‌നങ്ങൾ അറിയാവുന്ന ഒരാൾ തിരഞ്ഞെടുക്കപ്പെടണം എന്ന വികാരം രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിലുണ്ട്. 40 വർഷമായി കുട്ടനാട്ടിൽ നിന്നുകൊണ്ട് മൂന്ന് തവണ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാൾ എന്ന നിലയിൽ തനിക്ക് സ്വീകാര്യത കിട്ടുമെന്നാണ് വിശ്വാസം. ജേക്കബ് എബ്രഹാം 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
അവഗണന മുഖ്യവിഷയം
കുട്ടനാടിനോടുള്ള സർക്കാർ അവഗണന ആയിരിക്കും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. രണ്ടാം കുട്ടനാട് പാക്കേജ് എവിടെ പോയെന്ന് സർക്കാർ വ്യക്തമാക്കണം. ബഡ്ജറ്റുകളിൽ കുട്ടനാടിന് വേണ്ടി പ്രഖ്യാപനങ്ങൾ നടത്തുകയെന്നല്ലാതെ അവയൊന്നും പിന്നീട് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയങ്ങൾ കാരണമുണ്ടായ നഷ്‌ടങ്ങൾക്ക് കൃഷികാർക്ക് യാതൊരു വിധ സഹായവും നൽകിയിട്ടില്ല. അനർഹരായ പലർക്കുമാണ് സർക്കാർ വീടുകൾ നൽകിയത്. ഇതിനെല്ലാമെതിരെ കുട്ടനാട്ടിൽ വ്യാപക ജനരോഷമുണ്ട്. ഇക്കാര്യങ്ങളെല്ലാം യു.ഡി.എഫ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തും. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ മാത്രമല്ല പൊതു രാഷ്ട്രീയ വികാരവും യു.ഡി.എഫിന് അനുകൂലമാകും.
ഭിന്നത നിർഭാഗ്യകരം
കേരള കോൺഗ്രസിൽ ഉണ്ടായ ഭിന്നിപ്പുകളൊക്കെ നിർഭാഗ്യകരമാണ്. എല്ലാവരും ഒരുമിച്ച് പോകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, രണ്ട് വിഭാഗമായി മാറി എന്നത് ഇപ്പോൾ യാഥാർത്ഥ്യമാണ്. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം നിലപാടുകളുടെ പേരിൽ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നുണ്ടെങ്കിൽ പോലും വ്യക്തിബന്ധങ്ങൾ എനിക്ക് തുണയാകും. ജോസ് വിഭാഗവും ജോസഫ് വിഭാഗവും കഴിഞ്ഞ ഒരു കൊല്ലമായി രണ്ടായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും ഞങ്ങളെല്ലാം പരസ്‌പരം കാണാറും സംസാരിക്കാറുമുണ്ട്. ഇന്നലെയും സംസാരിച്ചിരുന്നു, ഇന്നും സംസാരിച്ചു, നാളെയും സംസാരിക്കും. അതിനാൽ, കേരള കോൺഗ്രസ് ഭിന്നത തിരഞ്ഞെടുപ്പിൽ ബാധിക്കില്ല. മുകൾതട്ടിൽ എടുക്കുന്ന നിലപാടുകൾ എനിക്ക് ലഭിക്കുന്ന വോട്ടിൽ പ്രതിഫലിക്കില്ല.
കോൺഗ്രസ് കാലുവാരില്ല
രാഷ്ട്രീയത്തിൽ നിൽക്കുന്നവർ സീറ്റ് ആഗ്രഹിക്കുന്നത് വലിയ അപരാധമൊന്നുമല്ല. ആ ആഗ്രഹത്തിന്റെ പുറത്താണ് കോൺഗ്രസുകാരും കുട്ടനാട് സീറ്റിന് വേണ്ടി ശ്രമിച്ചത്. കോൺഗ്രസിൽ മാത്രമല്ല ഞങ്ങളുടെ പാർട്ടിയിലെ പലർക്കും എം.എൽ.എ ആകണമെന്ന ആഗ്രഹമുണ്ടാകും. എന്നാൽ ആത്യന്തികമായി യു.ഡി.എഫ് ഒരു തീരുമാനമെടുത്താൽ അത് എല്ലാവരും അനുസരിക്കും. എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഉടൻ മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരേയും ഡി.സി.സി അദ്ധ്യക്ഷൻ ഇങ്ങോട്ടേയ്‌ക്ക് വിട്ടു. കുട്ടനാട് പിടിച്ചെടുക്കുക കേരള കോൺഗ്രസിന്റെ ആവശ്യമല്ല കോൺഗ്രസിന്റെ ആവശ്യമാണെന്നാണ് ഡി.സി.സി അദ്ധ്യക്ഷൻ ലിജു പറഞ്ഞത്. കോൺഗ്രസിലെ പലരും സീറ്റ് ആഗ്രഹിച്ചു. എന്നാൽ ഇനി യു.ഡി.എഫ് വിജയിക്കുക എന്ന ഒറ്റ ചിന്തയേ എല്ലാവർക്കും ഉള്ളൂ.
നടക്കുമെന്ന് പ്രതീക്ഷ
ഉപതിരഞ്ഞെടുപ്പ് നടക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ഒഴിവാക്കണമോയെന്ന കാര്യത്തിൽ പാർട്ടി നിലപാട് പറയേണ്ടത് നേതൃത്വമാണ്. തിരഞ്ഞെടുപ്പ് നടക്കും, അതിനുവേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് പി.ജെ ജോസഫ് എന്നോട് പറഞ്ഞിരിക്കുന്നത്. ആറ് മാസത്തേക്ക് ഒരു എം.എൽ.എയെ കണ്ടെത്താൻ ഈ തിരഞ്ഞെടുപ്പ് വേണമോയെന്നത് വേറൊരു വിഷയമാണ്. എന്നാൽ, സ്ഥാനാർത്ഥിയെന്ന നിലയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നല്ലാതെ കമ്മിഷൻ നിലപാടിൽ പ്രതികരിക്കാൻ ഞാനില്ല. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് നടക്കില്ല എന്നാണ് പാർട്ടി കരുതിയിരുന്നത്.