പോർച്ചുഗലിനായി 100 ഗോൾ തികച്ച് ക്രിസ്റ്റ്യാനൊ റൊണാൾഡോ
സ്റ്റോക്ക്ഹോം: രാജ്യത്തിനായി 100 ഗോളുകൾ എന്ന ചരിത്ര നേട്ടം കുറിച്ച് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂവേഫ നേഷൻസ് ലീഗിൽ എ ഗ്രൂപ്പ് 3ൽ കഴിഞ്ഞ ദിവസം സ്വീഡനെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് റൊണാൾഡോ സുവർണ നേട്ടം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-0ത്തിന് സ്വീഡനെ കീഴടക്കി. ഗ്രൂപ്പിലെ പോയിന്റ് ടേബിളിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്.
44-ാം മിനിട്ടിൽ മിഡ്ഫീൽഡർ ഗുസ്താവോ സെൻസൺ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് സ്വീഡൻ മത്സരം പൂർത്തിയാക്കിയത്. ജാവോ മൗട്ടീന്നോയെ ഫൗൾ ചെയ്തതിനാണ് സെൻസൺ രണ്ടാം മഞ്ഞക്കാർഡും ചുവപ്പു കാർഡും കണ്ടത്. ഇതിന് കിട്ടിയ ഫ്രീകിക്ക് അതിമനോഹരമായി വലയിലാക്കിയാണ് റൊണാൾഡോ അന്താരാഷ്ട്ര തലത്തിൽ തന്റെ നൂറാം ഗോൾകുറിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നൂറ് ഗോൾ തികയ്ക്കുന്ന രണ്ടാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും താരമാണ് റൊണാൾഡോ. 109 ഗോൾ നേടിയിട്ടുള്ള മുൻ ഇറാൻ സൂപ്പർതാരം അലി ദെയി മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. 165 മത്സരങ്ങളിൽ നിന്നാണ് മുപ്പത്തഞ്ചുകാരനായ റൊണാൾഡോ വിസ്മയ നേട്ടം കുറിച്ചത്.
72-ാം മിനിട്ടിൽ ബോക്സിന് തൊട്ട് വെളിയിൽ നിന്ന് തൊടുത്ത സുന്ദരൻ ഷോട്ടിലൂടെ റൊണാൾഡോ രണ്ടാം വട്ടവും സ്വീഡന്റെ വലകുലുക്കി. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. മത്സരത്തിലുടനീളം പോർച്ചുഗലിന്റെ സമഗ്രാധിപത്യം ആയിരുന്നു. ബാൾ പൊസഷനിലും തൊടുത്ത ഷോട്ടുകളിലും പാസിംഗിലുമെല്ലാം പറങ്കിപ്പട എതിരാളികളെക്കാൾ വളരെ മുന്നിലായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ തോല്പിച്ചിരുന്നു.
തനിയാവർത്തനം
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പ് ഫൈനലിലെ തനിയാവർത്തനം പോലെ ഫ്രാൻസ് 4-2ന് ക്രൊയേഷ്യയെ തോൽപ്പിച്ചു. ലോകകപ്പിലും ഇതേ ഗോൾ നിലയിലാണ് മത്സരം അവസനിച്ചത്. ഗ്രിസ്മാൻ, ഉപമെകാനോ, പെനാൽറ്റിയിലൂടെ ഒലിവർ ജിറൗഡ് എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ക്രൊയേഷ്യൻ ഗോളി ഡൊമിനിക്ക് ലിവാക്കോവിച്ചിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളും ഫ്രാൻസിന്റെ അക്കൗണ്ടിൽ എത്തി. ലോവ്റനും, ബ്രെകാലോയുമാണ് ക്രൊയോഷ്യയ്ക്കായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബൽജിയം 5-1ന് ഐസ് ലൻഡിനെ ഗോൾ മഴയിൽ മുക്കി. ബാത്ത്ഷുയി ബൽജിയത്തിനായി രണ്ട് ഗോൾ നേടി, വിറ്റ്സൽ, മെർട്ടൻസ്, ഡോക്കു എന്നിവർ ഓരോ ഗോൾ വീതം നേടി. ഫ്രിയോജോൺസ്സൺ ഒരുഗോൾ ഐസ് ലൻഡിനായി മടക്കി. ഡെൻമാർക്കും ഇംഗ്ലണ്ടും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
പറങ്കിപ്പടനായകന്റെ ഗോളുകൾ
ഹെഡ്ഡിംഗ് -25
വലങ്കാൽ-54
ഇടങ്കാൽ- 22
ബോക്സിനകത്ത് നിന്ന് -80
ബോക്സിന് പുറത്ത് നിന്ന് - 21
ഫ്രീകിക്ക് -10
പെനാൽറ്റി -11
എപ്പോൾ
0-15 മിനിട്ട്: 10
16-30 മിനിട്ട്: 16
31-45മിനിട്ട്: 15
46-60മിനിട്ട്: 10
61-75 മിനിട്ട്: 22
70-90 മിനിട്ട് : 28
വേദികൾ
ഹോം: 41
എവേ :35
നിഷ്പക്ഷ വേദി: 25
മത്സരങ്ങൾ
സൗഹൃദം: 17
ലോകകപ്പ്: 7
യൂറോ കപ്പ് :9
ലോകകപ്പ് യോഗ്യത :30
യൂറോ യോഗ്യത :31
നേഷൻസ് ലീഗ് :5
കോൺഫെഡറേഷൻ കപ്പ് :2
30 വയസിന് മുൻപ്
52 ഗോളുകൾ
118 മത്സരങ്ങൾ
ഒരുമത്സരത്തിൽ ശരാശരി
0.44 ഗോളുകൾ
30 വയസിന് ശേഷം
49 ഗോളുകൾ
47 മത്സരങ്ങൾ
ഒരുമത്സരത്തിൽ ശരാശരി
1.04 ഗോളുകൾ
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകളുള്ളവർ
അലി ദെയി (ഇറാൻ)- 109
ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗൽ-101
മൊക്താർ ദഹ്രി (മലേഷ്യ) -86
ഫ്രാങ്ക് പുഷ്കാസ് (ഹങ്കറി) -84
ഗോഡ്ഫ്രെ ചിതാലു (സാംബിയ)-79
ഹുസൈൻ സയാദ് ( ഇറാഖ്) -78
പെലെ (ബ്രസീൽ)-77
കുനിഷിഗെ കമാമാറ്റോ (ജപ്പാൻ) - 75
ബാഷർ അബ്ദുള്ള (കുവൈറ്റ് )-75
സുനിൽ ഛെത്രി (ഇന്ത്യ)-72
ടീമിന്റെ പ്രകടനത്തിലും വ്യക്തിപരമായും സന്തോഷമുണ്ട്. അതേസമയം കാണികൾ ഇല്ലാത്ത മൈതാനങ്ങൾ കോമാളികൾ ഇല്ലാത്ത സർക്കസ് പോലെയും പൂക്കൾ ഇല്ലാത്ത പൂന്തോട്ടയും പോലെയുമാണ്. കളിക്കാർ ആരും കാണികളില്ലാത്തിടത്ത് കളിക്കാൻ ഇഷ്ടപ്പെടുന്നില്ല. എവേ മത്സരങ്ങളിൽ എതിർ ടീം കാണികളുടെ പരിഹാസം എനിക്ക് വലിയ ഉത്തേജനമമാണ്. നന്നായികളിക്കാനുള്ള പ്രചോദനമാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ എല്ലാവരുടേയും ആരോഗ്യം തന്നെയാണ് പ്രധാനം. അത് അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷേ ശൂന്യമായ ഗാലറിക്ക് മുന്നിൽ കളിക്കുന്നത് സങ്കടകരം തന്നെയാണ്.
ക്രിസ്റ്റ്യാനൊ റൊണാൾഡോ
ഇന്ന് നമുക്ക് നൂറ് ഗോൾ നേട്ടം ആഘോഷിക്കാമെന്നാണ് ഞാൻ കരുതിയത്. എന്നാൽ യഥാർത്ഥത്തിൽ 101 ഗോളുകളായി. ഫുട്ബാൾ യാത്രയിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ റൊണാൾഡോയ്ക്ക് അഭിനന്ദനങ്ങൾ.
പെലെ