ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടിമാരാർ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുമായി കോൺഗ്രസ് പാർട്ടി അംഗങ്ങൾക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത്. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരോടൊപ്പമുള്ള നടിമാരുടെ ഫോട്ടോ ബി.ജെ.പി ട്വീറ്റ് ചെയ്തത് വിവാദമായി.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സർക്കാർ ഓരോ ഘട്ടത്തിലും കർശന നടപടിയെടുക്കുന്നുണ്ട്. അന്വേഷണത്തിന്റെ ദിശമാറ്റി അതിൽ ഇടപടാൻ കോൺഗ്രസ് ശ്രമിക്കുന്നു. ഈ ചിത്രങ്ങളുടെ അർത്ഥമെന്താണെന്ന് നിങ്ങൾ കരുതുന്നു? - ബി.ജെ.പി ട്വീറ്റിൽ കുറിച്ചു.
2019ൽ മാണ്ഡ്യയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ടേൺകോട്ട് എം.എൽ.എ നാരായണ ഗൗഡയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ രാഗിണിയുടെ ചിത്രങ്ങൾ കോൺഗ്രസ് മുൻപ് പുറത്ത് വിട്ടിരുന്നു. എന്നാൽ, രാഗിണി സ്വയം പ്രചാരണത്തിൽ ഏർപ്പെട്ടതാണെന്നും അവൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നെന്നുമാണ് ഗൗഡ പറഞ്ഞത്. ബി.എസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്കൊപ്പമുള്ള രാഗിണിയുടെ ചിത്രങ്ങളും കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവ് കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.