horse

പാരീസ് : ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ട് മിണ്ടാപ്രാണികളായ കുതിരകൾ അതിക്രൂരമായി കൊല്ലപ്പെടുന്നു. കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നേരിട്ടാണ് കുതിരകൾ ചത്തിരിക്കുന്നത്. കൂടാതെ ചത്ത കുതിരകളുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെവിയും മറ്റ് അവയവങ്ങളുമൊക്കെ മുറിച്ചു മാറ്റിയ നിലയിലുമാണ്. ചിലതിന്റെ രക്തം മുഴുവൻ ഊറ്റിയെടുത്ത നിലയിലുമാണ്. ചില കുതിരകളെ ജീവനോടെ കണ്ടെത്തിയെങ്കിലും അവയവങ്ങൾ ഛേദിച്ച നിലയിലാണുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫ്രഞ്ച് ഡിറ്റക്ടീവുകളും ജനങ്ങളും.

ഫ്രാൻസിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനായി കുതിരകളെ വളർത്തുന്നവർ നൈറ്റ് വിഷൻ ക്യാമറകൾ വീടുകളിൽ സ്ഥാപിച്ചിരിക്കുകയാണ്. പൊലീസാകട്ടെ രാത്രിയും പകലും ഡോഗ് സ്ക്വാഡ്, ഹെലികോപ്ടർ, ഡ്രോൺ തുടങ്ങിയ സംവിധാനങ്ങളും നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. കുതിരകൾ അതിദാരുണമായി കൊല്ലപ്പെട്ടതോ, അവയവങ്ങൾ ഛേദിക്കപ്പെട്ടതോ ആയ 153 കേസുകളാണ് നിലവിൽ ഫ്രാൻസിലുള്ളത്.

ഫെബ്രുവരിയിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകളായി കൊല്ലപ്പെടുന്ന കുതിരകളുടെ എണ്ണം കൂടിവന്നതോടെയാണ് സംഭവത്തെ ഫ്രഞ്ച് ഭരണകൂടം അതീവ ഗൗരവപരമായി പരിഗണിച്ച് അന്വേഷണങ്ങൾക്ക് ഉത്തരവിട്ടത്. ഫ്രാൻസിലെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചല്ല കുതിരകൾക്ക് നേരെ പൈശാചികമായ ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ജൂറാ പർവതനിരകൾ മുതൽ അറ്റ്‌‌ലാന്റിക് തീരപ്രദേശങ്ങൾ വരെയുള്ള രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്കൻ പ്രദേശങ്ങളിലെല്ലാം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആരാണ് ആക്രമങ്ങൾക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഒരു വലിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കുതിരകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടക്കുന്നതെന്ന് പൊലീസ് പറയുന്നു. അതേ സമയം, ദൃക്സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും നിരപരാധിയാണെന്ന് മനസിലായതോടെ വിട്ടയച്ചു. സാത്താൻ സേവ നടത്തുന്നതിന് വേണ്ടിയാണ് ഈ ക്രൂരതയെന്ന് ചിലർ ആരോപിക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമല്ല.