death

ലക്‌നൗ: യു.പിയിലെ ഗോണ്ടയിൽ പശുക്കിടാവിനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര് ഉൾപ്പെടെ അഞ്ച് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പശുക്കിടാവ് രക്ഷപെട്ടു. വൈഭവ് (18), ദിനേഷ് (30), രവിശങ്കർ (36), വിഷ്ണു ദയാൽ (35), മന്നു (35) എന്നിവരാണ് മരിച്ചത്. ദിനേഷും രവിശങ്കറും സഹോദരന്മാരാണ്. ഇവരുടെ കസിനാണ് വിഷ്ണു. വൈഭവ് മറ്റൊരു ബന്ധുവും. തൊട്ടടുത്ത ഗ്രാമത്തിലുള്ളയാളാണ് മന്നു.

വിഷവാതകമായ മീഥെയ്ൻ ശ്വസിക്കാനിടയായതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരുടെ ആരുടെയും ഉടമസ്ഥതയിലുള്ളതല്ല പശുക്കിടാവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

ഉപയോഗശൂന്യമായി കിടന്ന കിണറിലാണ് പശുക്കിടാവ് വീണത്. കിടാവിന്റെ കരച്ചിൽ കേട്ട വിഷ്ണുവാണ് ആദ്യം കിണറിൽ ഇറങ്ങിയത്. എന്നാൽ വിഷവാതകം ശ്വസിച്ച് ക്ഷീണിതനായതോടെ വിഷ്‌ണു സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ഇതോടെ വൈഭവും കിണറിൽ ഇറങ്ങി, ഇദ്ദേഹവും അപകടത്തിൽപ്പെട്ടതോടെയാണ് മറ്റുള്ളവരും കിണറിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും ചേർന്ന് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇവരെ പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു.