തിരുവനന്തപുരം: കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീൻ എം.എൽ.എയ്ക്കെതിരെ 13 കേസുകളാണ് പൊലീസ് രജീസ്റ്റർ ചെയ്തിട്ടുളളത്.തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ എണ്ണൂറോളം പേരിൽനിന്ന് 136 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായാണ് പറയപ്പെടുന്നത്.
2013-ലാണ് എം.സി.ഖമറുദ്ദീൻ ചെയർമാനും ടി.കെ.പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ ജൂവലറി ചെറുവത്തൂരിൽ തുടങ്ങിയത്. 2014-ൽ കാസർകോട്ടും 2015-ൽ പയ്യന്നൂരിലും ശാഖകൾ തുടങ്ങി. സ്ഥാപനം നഷ്ടത്തിലാണെന്നാണ് എം.എൽ.എ. നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് നവീകരിക്കാനെന്ന പേരിൽ കഴിഞ്ഞ ജനുവരിയിൽ ചെറുവത്തൂരിലെയും കാസർകോട്ടെയും സ്ഥാപനങ്ങൾ അടച്ചു. ലാഭവിഹിതവും നിക്ഷേപവും കിട്ടാൻ സാദ്ധ്യതയില്ലെന്ന് കണ്ടപ്പോഴാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിനിടയിൽ കള്ളാർ സ്വദേശികളായ സി.അഷ്‌റഫ്, പി.സുബീർ എന്നിവരുടെ പരാതിയിൽ കോടതിയിൽ ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചത് ഖമറുദ്ദീൻ എം.എൽ.എ.ക്ക് കുരുക്കായി.