മലയാള സിനിമിയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ‌്ത അഭിനേത്രിയാണ് കനകലത. നാടകത്തിൽ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച കനകലതയ്‌ക്ക് അഭിനയം എപ്പോഴും ഒരു സ്വാഭാവിക പ്രക്രിയ മാത്രമായിരുന്നു. കവിയൂർ രേണുകയുടെ ശിക്ഷണത്തിലാണ് കനകലത നാടകത്തിലും അവിടെ നിന്നും വെള്ളിത്തിരയിലേക്കും എത്തപ്പെട്ടത്. ലെനിൻ രാജേന്ദ്രന്റെ വേനൽ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ഹാസ്യവും വില്ലത്തരവും ഒരുപോലെ കൈകാര്യം ചെയ്‌ത് മൂന്നരപതിറ്റാണ്ടിലധികമാണ് കനകലത മലയാള സിനിമയിൽ നിറഞ്ഞുനിന്നത്. 260ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.
അഭിനയജീവിതത്തിന്റെ ആദ്യകാലത്ത് തനിക്ക് കൈവന്നിട്ടും നടക്കാതെ പോയ വലിയൊരു ഭാഗ്യത്തെ കുറിച്ച് മനസു തുറക്കുകയാണ് കനകലത. അന്തരിച്ച മഹാനടൻ ജയൻ, തന്നെ നായികയാകാൻ ക്ഷണിച്ചിരുന്നുവെന്ന് താരം പറയുന്നു. ഒരു സമ്മാനദാന ചടങ്ങിൽ വച്ചായിരുന്നു നായികയാകാനുള്ള ക്ഷണം ജയനിൽ നിന്ന് ഉണ്ടായതെന്ന് കനകലത ഓർക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ജയന്റെ മരണം, ആ ഭാഗ്യവും കൊണ്ടുപോകുകയായിരുന്നത്രേ.
ഇപ്പോഴത്തെ സിനിമയിൽ മുഴുവൻ ഗ്രൂപ്പുകളിയാണെ്. നായകന്റെയോ നായികയുടെയോ 'അമ്മ' കഥാപാത്രങ്ങൾക്ക് പ്രാധന്യമില്ല. ന്യൂജൻ സിനിമകളിൽ തങ്ങളെ പോലുള്ളവർക്ക് അവസരം കുറവാണെന്ന് കനകലത പറയുന്നു.