ജയ്‌പൂർ: രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബിൽ കൈയിൽ കിട്ടിയപ്പോൾ കർഷകനായ പേമാരാം പട്ടേലിന് ഷോക്കേറ്റപോലായി. 3.71 കോടി രൂപയായിരുന്നു ബിൽതുക.
രാജസ്ഥാനിലെ ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കർഷകനായ പേമാറാം രണ്ട് മാസത്തിനുള്ളിൽ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലിൽ പറയുന്നു. പേമാരാം വീടിനൊപ്പമുള്ള കെട്ടിടം ഓട്ടോഗാരേജ് നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിട്ടുണ്ട്. രണ്ടിനും കൂടിയാണ് വൻ തുക ബില്ല് വന്നത്. അജ്മീർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡാണ് ബിൽ നൽകിയത്.
ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാരിന്റെ ഇ-ഗവേൺസ് സെന്ററായ ഇ-മിത്രയിലെത്തി പരിശോധിച്ചു. തുടർന്ന് പ്രിന്റിംഗിൽ വന്ന തെറ്റാണെന്ന് പറഞ്ഞ് ഇ-മിത്രയിൽ വച്ച് ബിൽ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയായിരുന്നു. ഉടൻ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല് വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.