കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസിൽ പതിനൊന്ന് മണിക്കൂറിലേറെയാണ് അന്വേഷണ സംഘം ബിനീഷിനെ ചോദ്യം ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാനും നിർദേശിച്ചു. ബിനീഷിന്റെ മൊഴി വിശദമായി പഠിച്ച ശേഷമാകും വീണ്ടും അടുത്താഴ്ച്ച ചോദ്യം ചെയ്യുക.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ബംഗളൂരു ലഹരി മരുന്ന് സംഘം സഹായിച്ചിട്ടുണ്ടോയെന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഇതിനൊപ്പം സ്വപ്ന സുരേഷിന്റെ സ്ഥാപനങ്ങളുമായുളള ബിനീഷിന്റെ ബന്ധം, മറ്റു സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളും അന്വേഷണ സംഘം ആരാഞ്ഞു. ചോദ്യം ചെയ്യലിന്റെ ഭാഗമായി ചെന്നൈയിൽ നിന്ന് ഇ.ഡി ജോയിൻ കമ്മീഷണറും കൊച്ചിയിലെത്തി.അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറിന്റെ അപ്രതീക്ഷിത ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതരയോടെയാണ് ബിനീഷ് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്. എൻഫോഴ്സ്റ്റൻ്റ് അസി ഡയറക്ടർ പി രാധാകൃഷ്ണൻ പത്തു മണിക്ക് ഓഫീസിലെത്തി ചോദ്യം ചെയ്യൽ ആരംഭിക്കുകയായിരുന്നു.