rhea-chakraborty

മുംബയ്: നടൻ സുശാന്ത് സിംഗിന്റെ മരണമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി. നർക്കോടിക്ക്സ് സ്പെഷ്യൽ കോടതിയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. താൻ നിരപരാധിയാണെന്നും കേസിൽ തെറ്റായി പ്രതിച്ചേർത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിയ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും റിയ തന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.

തന്നെ ചോദ്യം ചെയ്യാൻ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നു. ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീയ്ക്കൊപ്പം ഒരു വനിത ഉദ്യോഗസ്ഥ ഉണ്ടാകണമെന്ന് ഷീല ബാർസെയ കേസിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ നിർദേശം അന്വേഷണ സംഘം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാ ചക്രബർത്തി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇതിനായി അനധികൃതമായി പണം ചെലവഴിച്ചതിനുമാണ് റിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും പത്ത് വർഷത്തിൽ കുറയാതെ തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇരുവരെയും അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

അതേസമയം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻ‌ഡ, സുശാന്തിന്റെ വീട്ടു ജോലിക്കാരൻ ദിപേഷ് സാവന്ത് എന്നിവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ വാദം നാളെ കോടതി കേൾക്കും.